ന്യൂസിലാന്‍ഡ് വെടിവയ്പ്പ്: ലക്ഷ്യം ഇന്ത്യക്കാരെ

Saturday 16 March 2019 6:38 pm IST

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിലെ രണ്ടു  മുസ്ലിംപള്ളികളില്‍ 49 പേരുടെ ജീവനെടുത്ത വെടിവയ്പ്പിലെ മുഖ്യപ്രതി ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റിന്റെ പ്രധാന ലക്ഷ്യം ഇന്ത്യക്കാരായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ, ചൈന, തുര്‍ക്കി എന്നീ കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് വെളുത്ത വര്‍ഗക്കാരുടെ പ്രധാന ശത്രുക്കള്‍ എന്ന് ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വെടിവയ്പ്പിന് പത്ത് മിനിറ്റ് മുന്‍പ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയടക്കം 70 പേര്‍ക്ക് ഇയാള്‍ ഈ കുറിപ്പിന്റെ പകര്‍പ്പ് അയച്ചിരുന്നു. 

വെടിവയ്പ്പിന് പിന്നാലെ ഒമ്പത് ഇന്ത്യക്കാരെ കാണാതായത് വിരല്‍ചൂണ്ടുന്നതും കുറ്റവാളി ലക്ഷ്യമിട്ടിരുന്നത് ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെയെന്നതിലേക്ക് തന്നെ. അലിബാവ എന്നു വിളിക്കുന്ന അന്‍സി കരിപ്പാക്കുളം (25) എന്ന മലയാളി യുവതിയും കൊല്ലപ്പെട്ടവരിലുണ്ടെന്നാണ് സൂചന. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരെ എന്നയാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. 

ഹൈദരാബാദ് സ്വദേശിയായ ഫര്‍ഹാജ് അഹ്‌സന്‍ (30) എന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെയും കാണാതായി. ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ട് ഇന്ത്യന്‍ ഭക്ഷണശാലകള്‍ നടത്തുന്ന മുഹമ്മദ് ഇമ്രാന്‍ കഹാനാണ് (47) കാണാതായവരില്‍ മറ്റൊരു ഇന്ത്യക്കാരന്‍. മറ്റുള്ളവരുടെ വിവരങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ മൂന്നു മുതല്‍ 80 വയസ് വരെയുള്ളവരുണ്ട്.

ടാറന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഏപ്രില്‍ അഞ്ചിന് വീണ്ടും ഹാജരാക്കും വരെ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കോടതി നിയമിച്ച അഭിഭാഷകന്‍ പ്രതിക്ക് വേണ്ടി ജാമ്യാപേക്ഷ നല്‍കിയില്ല. വിലങ്ങണിഞ്ഞ്, വെളുത്ത ജയില്‍ വേഷത്തിലായിരുന്നു ടാറന്റിനെ കോടതിയില്‍ ഹാജരാക്കിയത്. നാല്‍പ്പത്തൊമ്പത് പേരെ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കിയ കുറ്റവാളി കോടതിമുറിയില്‍ നിന്നത് പരിഹാസം നിറഞ്ഞ ചിരിയോടെയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.