ട്വിറ്റര്‍ അക്കൗണ്ടില്‍ പേരു മാറ്റി പ്രധാനമന്ത്രി ;ഇനി ചൗക്കിദാര്‍ നരേന്ദ്രമോദി

Sunday 17 March 2019 1:32 pm IST
നിങ്ങളുടെ കാവല്‍ക്കാരന്‍ ശക്തനായി തന്നെ രാജ്യസേവനത്തിനായി നിലകൊള്ളുകയാണെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ താന്‍ ഒറ്റയ്ക്കല്ലെന്നും സമൂഹത്തിലെ അഴിമതിക്കും, തിന്മക്കും, സാമൂഹിക അനാചാരങ്ങള്‍ക്കും എതിരെ പോരാടുന്ന ഓരോ വ്യക്തിയും കാവല്‍ക്കാരാണെന്നും അദ്ദേഹം കുറിച്ചു.

ന്യൂദല്‍ഹി: ട്വിറ്റര്‍ അക്കൗണ്ടില്‍ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൗക്കിദാര്‍ നരേന്ദ്രമോദി എന്നാണ് നിലവില്‍ അദ്ദേഹം ട്വിറ്ററില്‍ പേര് കുറിച്ചിരിക്കുന്നത്. മേം ഭി ചൗക്കിദാര്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച ക്യാംപെയ്ന്‍ ട്വിറ്ററില്‍ ട്രന്റിംഗ് ആയി മാറിയിരുന്നു. 

ഇതിന് വലിയ രീതിയിലുള്ള പ്രതികരണം ലഭിച്ചതോടെയാണ് ട്വിറ്റര്‍ അക്കൗണ്ടിലും പേരിന് മാറ്റം വരുത്തിയിരിക്കുന്നത്.  പ്രധാനമന്ത്രിക്ക് പുറമെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയല്‍, ജെ.പി.നഡ്ഡ, രവിശങ്കര്‍ പ്രസാദ്, ഉമാഭാരതി,ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങി നിരവധി പേരാണ് ട്വിറ്ററില്‍ തങ്ങളുടെ പേരുകള്‍ക്ക് മുന്നില്‍ ചൗക്കിദാര്‍ എന്ന് ചേര്‍ത്തിരിക്കുകയാണ്.

നിങ്ങളുടെ കാവല്‍ക്കാരന്‍ ശക്തനായി തന്നെ രാജ്യസേവനത്തിനായി നിലകൊള്ളുകയാണെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ താന്‍ ഒറ്റയ്ക്കല്ലെന്നും സമൂഹത്തിലെ അഴിമതിക്കും, തിന്മക്കും, സാമൂഹിക അനാചാരങ്ങള്‍ക്കും എതിരെ പോരാടുന്ന ഓരോ വ്യക്തിയും കാവല്‍ക്കാരാണെന്നും അദ്ദേഹം കുറിച്ചു. 

രാജ്യപുരോഗതിക്കായി പ്രയത്‌നിക്കുന്ന ഓരോരുത്തരും കാവല്‍ക്കാരാണെന്നും ഇന്ന് ഓരോ ഇന്ത്യക്കാരനും താനൊരു കാവല്‍ക്കാരനാണെന്ന് പറയുന്നു' വെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിനൊപ്പം ഒരു വീഡിയോയും പ്രധാനമന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോയാണിത്.

ചൗക്കീദാര്‍ ചോര്‍ ഹേ എന്ന പേരില്‍ നേരത്തെ കോണ്‍ഗ്രസ് ക്യാംപെയ്ന്‍ ആരംഭിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ബിജെപിയുടെ പുതിയ ക്യാംപെയ്ന്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും സമാനമായി കോണ്‍ഗ്രസ് മോദിക്കെതിരെ ഉപയോഗിച്ച ചായക്കാരന്‍ പരാമര്‍ശം, ബിജെപി പ്രചാരണ ആയുധമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.