അധ്യാപകര്‍ക്ക് ഇനി വിദ്യാര്‍ഥികള്‍ മാര്‍ക്കിടും

Monday 18 March 2019 1:01 am IST

ന്യൂദല്‍ഹി: വരുന്ന അധ്യയന വര്‍ഷം മുതല്‍ എഞ്ചിനീയറിങ്, പോളിടെക്‌നിക് കോളേജുകളിലെ അധ്യാപകര്‍ക്ക് ഇനി വിദ്യാര്‍ഥികള്‍ മാര്‍ക്കിടും. ഈ വര്‍ഷം മുതല്‍ ഈ പദ്ധതി നടപ്പാക്കാന്‍ അഖിലേന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എഐസിടിഇ) തീരുമാനിച്ചു.

എഞ്ചിനീയറിങ് കോളേജിലെ അധ്യാപകരുടെ പ്രകടനം വിലയിരുത്താനാണ് ഇത്തരത്തിലൊരു പദ്ധതിയെന്ന് എഐസിടിഇ അറിയിച്ചു. അധ്യാപകര്‍ സര്‍വകലാശാല നിര്‍ദേശിക്കുന്ന പാഠഭാഗങ്ങള്‍ മുഴുവന്‍ എടുക്കുന്നുണ്ടോ? വിദ്യാര്‍ഥികള്‍ക്ക് പാഠഭാഗങ്ങള്‍ എത്രത്തോളം മനസിലാക്കി നല്‍കുന്നു? എന്നിങ്ങനെയുള്ള കാര്യങ്ങളിലാകും അധ്യാപകരെ വിലയിരുത്തുക. ഓരോ അധ്യാപകര്‍ക്കും നൂറിലാണ് മാര്‍ക്കിടുന്നത്. ഇതില്‍ 25 മാര്‍ക്ക് വിദ്യാര്‍ഥികളുടേതാണ്. വകുപ്പ് തലത്തിലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 20, സ്ഥാപനത്തിന്റെ പക്കല്‍ നിന്ന് 10, സമൂഹത്തിനുള്ള സംഭാവന എന്നിങ്ങനെ മറ്റു മാര്‍ക്കുകള്‍. 

പദ്ധതിയുടെ മുന്നോടിയായി എഐസിടിഇ അറിയിപ്പുകള്‍ നല്‍കിത്തുടങ്ങി. അധ്യാപകരെക്കുറിച്ചുള്ള വിദ്യാര്‍ഥികളുടെ പ്രതികരണം അനുസരിച്ച് മൂന്ന് വര്‍ഷം കൊണ്ട് അധ്യാപകരെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തും. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്‌കരിച്ചത്. എല്ലാ ഭാഗത്ത് നിന്നും മൂല്യനിര്‍ണയം നടത്തുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുവെന്ന് വിദഗ്ധര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.