കൊച്ചി: വാര്‍ധക്യത്തിലെത്തിയ അമ്മയെ മകന് വീടിന് പുറത്തിരുത്തി വടികൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കാഞ്ഞിരത്താണ് ദാരുണമായ സംഭവം.
ശാരദ എന്ന 80 വയസ്സുള്ള സ്ത്രീയെയാണ് മകന് സന്തോഷ് മാസങ്ങളായി ഉപദ്രവിക്കുന്നത്. അമ്മയുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കള്‍ വിറ്റ് കിട്ടിയ മുഴുവന്‍ പണവും ഇയാള്‍ വാങ്ങി. അമ്മയെ അടിക്കുന്നതിനായി മകന് വീട്ടില്‍ വടി വെട്ടി വച്ചിരിക്കുകയാണ്. മറ്റു മക്കള്‍ കാണാന്‍ ചെല്ലുന്നതോ എന്തെങ്കിലും കൊടുക്കുന്നതോ ഇഷ്ടമല്ലാത്ത സന്തോഷ് ഇതിനും അമ്മയെ മര്‍ദ്ദിക്കാറുണ്ട്.
രണ്ട് പെണ്മക്കളും രണ്ട് ആണ്മക്കളുമുള്ള ശാരദമ്മ സ്വത്തുക്കള്‍ വിറ്റതോടെയാണ് ആര്‍ക്കും വേണ്ടാതായത്. ഓര്‍മശക്തി നശിക്കുകയും വാര്‍ധക്യസഹജമായ അസുഖങ്ങളുമുള്ള ശാരദമ്മ ദീര്‍ഘകാലം അട്ടപ്പാടിയില്‍ സര്‍ക്കാരിന്റെ കാരുണ്യാശ്രമത്തിലായിരുന്നു. എന്നാല്‍, പിന്നീടിത് വനവാസികള്‍ക്ക് മാത്രമുള്ളതാക്കിയതോടെ ആ അഭയവും നഷ്ടമായി.
അമ്മയെ നോക്കാന്‍ സാധിക്കില്ലെന്നും മറ്റു മക്കളാരും നോക്കുന്നില്ലെന്നും കാണിച്ച് സന്തോഷ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, കോടതി സന്തോഷിനൊപ്പം തന്നെ ശാരദമ്മയെ വിട്ടു. ഇതിലുള്ള രോഷമാണ് ദേഹോപദ്രവമേല്‍പ്പിച്ച് സന്തോഷ് തീര്‍ക്കുന്നത്. മിക്ക ദിവസങ്ങളിലും ഭക്ഷണം കൊടുക്കാറില്ലെന്നും, അയല്‍വാസികള്‍ പറയുന്നു.
സര്‍ക്കാരില്‍ നിന്നും ശാരദമ്മയുടെ പേരില്‍ വരുന്ന പെന്ഷന് വാങ്ങുന്നതും കൈകാര്യം ചെയ്യുന്നതും സന്തോഷാണ്. പാതിരാത്രി വരെ വീടിന് പുറത്തിരുത്തുകയും ഭക്ഷണം കൊടുക്കാതിരിക്കുകയും ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ ദിവസം സന്തോഷ് അമ്മയെ ഉപദ്രവിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് പോലീസ് സന്തോഷിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, സ്റ്റേഷനില്‍ നിന്നു വന്ന സന്തോഷ് വീണ്ടും അമ്മയെ ഉപദ്രവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: