പരീക്കറിന് അന്ത്യപ്രണാമം; എക്കാലവും സ്വയംസേവകന്‍

Monday 18 March 2019 3:55 am IST
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്റെ സ്‌കൂട്ടറില്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോയിരുന്ന പരീക്കറിനെ ഗോവയിലെ ജനത എങ്ങനെ മറക്കും. പ്രതിരോധ മന്ത്രിയായിരുന്നപ്പോഴും ഇതേ മനോഭാവമായിരുന്നു അദ്ദേഹത്തിന്

നോഹര്‍ പരീക്കര്‍, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുഖവുര വേണ്ടാത്ത വ്യക്തിത്വം. ഗോവ മുഖ്യമന്ത്രിയില്‍ തുടങ്ങി ഇന്ത്യയുടെ പ്രതിരോധ മന്ത്രി പദം വരെയെത്തിയിട്ടും വിനയവും ലളിത ജീവിതവും കൈവിടാതിരുന്ന വ്യക്തി. സ്വയംസേവകനെന്നതില്‍ എക്കാലവും അഭിമാനം കൊണ്ട വ്യക്തിത്വം... ഇതെല്ലാമായിരുന്നു മനോഹര്‍ പരീക്കര്‍.

ഗോവ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്റെ സ്‌കൂട്ടറില്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോയിരുന്ന പരീക്കറിനെ അവിടത്തെ ജനത എങ്ങനെ മറക്കും. പ്രതിരോധ മന്ത്രിയായിരുന്നപ്പോഴും ഇതേ മനോഭാവമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍, പ്രതിരോധമന്ത്രിയെന്ന വലിയ സ്ഥാനത്ത് അദ്ദേഹത്തിന് ഇതെല്ലാം ത്യജിക്കേണ്ടി വന്നു.  ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് ബിജെപിയെ അധികാരക്കസേരയില്‍ എത്തിച്ചുവെന്നതില്‍ തന്നെയുണ്ട് അദ്ദേഹത്തിന്റെ ജനകീയതയും സംഘാടനമികവും. അടിമുടി സ്വയംസേവകനായിരുന്നു പരീക്കര്‍. തന്നില്‍ അച്ചടക്കവും ഉത്തരവാദിത്തബോധവും ദേശസ്‌നേഹവും പുരോഗമന ചിന്താഗതിയുമെല്ലാം വളര്‍ത്തിയത് ആര്‍എസ്എസ് ആണെന്ന് അദ്ദേഹം നിരന്തരം പറയുമായിരുന്നു.  

 ഗോവയിലെ മപുസയില്‍ ഗോപാല്‍കൃഷ്ണ പരീക്കറിന്റേയും രാധാബായ് പരീക്കറിന്റേയും മകനായി 1955 ഡിസംബര്‍ 13നാണ് മനോഹര്‍ പരീക്കറുടെ ജനനം. മഡ്ഗാവിലെ ലയോള ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യഭ്യാസം. മറാത്തി ഭാഷയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് ബോംബെ ഐഐടിയില്‍ നിന്ന് മെറ്റലര്‍ജി എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ അദ്ദേഹം ആര്‍എസ്എസില്‍ ആകൃഷ്ടനായി. പിന്നീട് മുഖ്യശിക്ഷക് ആയി. ബിരുദ പഠനത്തിന് ശേഷം മപുസയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവം. 26-ാം വയസില്‍ സംഘചാലകായി. സമാജസേവനത്തിനൊപ്പം സ്വന്തമായി ബിസിനസും അദ്ദേഹം നടത്തി.

രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മുഖ്യസംഘാടകരിലൊരാളായിരുന്നു മനോഹര്‍ പരീക്കര്‍. ആര്‍എസ്എസിലൂടെയാണ് അദ്ദേഹം ബിജെപിയിലെത്തുന്നത്. 1988 ല്‍ ബിജെപിയില്‍ ചേര്‍ന്നു. 1994 മുതല്‍ 2001 വരെ ഗോവയില്‍ ബിജെപി ജനറല്‍ സെക്രട്ടറിയായും വക്താവായും പ്രവര്‍ത്തിച്ചു. 1994ല്‍ ആദ്യമായി ഗോവ നിയമസഭയിലേക്ക് മത്സരിച്ചു. 1999ല്‍ പ്രതിപക്ഷ നേതാവായി. 2000 ഒക്ടോബര്‍ 24ന് മുഖ്യമന്ത്രിയായി. എന്നാല്‍, കാലാവധി പൂര്‍ത്തിയാക്കാതെ 2002 ഫെബ്രുവരി 27ന് മുഖ്യമന്ത്രി പദവി ഒഴിഞ്ഞു. 2002 ജൂണില്‍ തെരഞ്ഞെടുപ്പ് വിജയിച്ച് വീണ്ടും മുഖ്യമന്ത്രിയായി. 2005 ജനുവരിയില്‍ നാല് ബിജെപി എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടമായി. 2007ല്‍ ബിജെപിക്ക് ഭരണം ലഭിച്ചില്ല. 2012ല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് ബിജെപി വീണ്ടും അധികാരത്തിലെത്തി, പരീക്കര്‍ മുഖ്യമന്ത്രിയായി. 

2014ല്‍  നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രതിരോധമന്ത്രിയായി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായാണ് പരീക്കര്‍ പാര്‍ലമെന്റിലെത്തിയത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ല. കൂട്ടുകക്ഷി സര്‍ക്കാരിനെ നയിക്കാന്‍ പനാജിയില്‍ തിരിച്ചെത്തിയ അദ്ദേഹം മാര്‍ച്ച് 14ന് വീണ്ടും ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.