ഭീതിയൊഴിയാതെ ന്യൂസിലാന്‍ഡ്

Monday 18 March 2019 7:06 am IST
മുഖ്യപ്രതി ബ്രണ്ടണ്‍ ടാറന്റിനെ കൂടാതെ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയിലുണ്ടെന്ന് ന്യൂസിലാന്‍ഡ് പോലീസ് കമ്മീഷണര്‍ മൈക് ബുഷ് പറഞ്ഞു. ഒരു സ്ത്രീയടക്കം മുമ്പ് കസ്റ്റഡിയില്‍ എടുത്ത നാല് പേരെ സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു.

വെല്ലിങ്ടണ്‍: ക്രൈസ്റ്റ്ചര്‍ച്ച് വെടിവയ്പ്പിന്റെ ഭീതി വിട്ടൊഴിയാതെ ന്യൂസിലാന്‍ഡ്. ഓക്‌ലാന്‍ഡിലും വെല്ലിങ്ടണിലുമടക്കം നിരവധിയിടങ്ങളില്‍ മരിച്ചവരുടെ ഓര്‍മയില്‍ ജനം ഞായറാഴ്ച പ്രാര്‍ഥനാ സമ്മേളനങ്ങള്‍ നടത്തി. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാര്‍ഥനാ വേളയില്‍ രണ്ട് മുസ്ലിം പള്ളികളിലായുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. പരിക്കേറ്റ 34 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 11 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയടക്കം അഞ്ച് പേര്‍ ഇന്ത്യക്കാരാണെന്ന് ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചു. വെടിയേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്. രണ്ട് ഇന്ത്യക്കാരെ കുറിച്ച് ഇപ്പോഴും വിവരമില്ല. 

മുഖ്യപ്രതി ബ്രണ്ടണ്‍ ടാറന്റിനെ കൂടാതെ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ കൂടി പോലീസ് കസ്റ്റഡിയിലുണ്ടെന്ന് ന്യൂസിലാന്‍ഡ് പോലീസ് കമ്മീഷണര്‍ മൈക് ബുഷ് പറഞ്ഞു. ഒരു സ്ത്രീയടക്കം മുമ്പ് കസ്റ്റഡിയില്‍ എടുത്ത നാല് പേരെ സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു.

അതേസമയം, തന്റെ ലക്ഷ്യം കുടിയേറ്റക്കാരെ ഇല്ലായ്മ ചെയ്യുകയാണെന്ന് കാട്ടി കൃത്യം നടത്തുന്നതിന് 10 മിനിറ്റ് മുന്‍പ് ബ്രണ്ടന്‍ ടാറന്റ് കത്തയച്ചതായി പ്രധാനമന്ത്രി ജസിന്‍ഡ  ആര്‍ഡേണ്‍ സ്ഥിരീകരിച്ചു. 

തോക്കിന്‍ മുനയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവര്‍ തങ്ങള്‍ അനുഭവിച്ച ഭീതിയെക്കുറിച്ച് ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു. ജീവന്‍ തിരികെ കിട്ടിയത് പള്ളിക്കകത്തുണ്ടായിരുന്ന പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പുക നിറഞ്ഞ നിസ്‌കാരമുറിക്കുള്ളില്‍ ചുറ്റിലും വെടിയുണ്ടകള്‍ ചീറിപ്പായുകയായിരുന്നു. വിശ്വാസികളിലൊരാള്‍ ഒരു വശത്തെ ജനല്‍ചില്ല് തകര്‍ത്തു. അതുവഴി കുറേപ്പേര്‍ രക്ഷപ്പെട്ടു. മറുവശത്ത് കൊലയാളി വെടിവെച്ചിട്ടവരുടെ മൃതശരീരങ്ങള്‍ ഒന്നിനു മുകളില്‍ ഒന്നായി കുമിഞ്ഞു കൂടി. നിശ്ശബ്ദനായി, ശാന്തനായി നിന്ന് ചെറിയ ശബ്ദമുണ്ടാകുന്നിടത്തേക്കെല്ലാം അയാള്‍ വീണ്ടും വീണ്ടും വെടിവച്ചുകൊണ്ടിരുന്നു, അല്‍ നൂര്‍ മസ്ജിദിലെ ഇമാം ഓര്‍ത്തെടുത്തു. ഒരു ഘട്ടത്തില്‍ കാറിനടുത്തേക്ക് പോയ അക്രമി മടങ്ങി വരില്ലെന്നു കരുതി പുറത്തിറങ്ങിയവരെ അയാള്‍ തിരികെയെത്തി വകവരുത്തുകയായിരുന്നു, അദ്ദേഹം പറഞ്ഞു. 

വെടിവയ്പ്പിന് 10 മിനിറ്റ് മുന്‍പ് കൊലയാളിയില്‍ നിന്ന് സന്ദേശം ലഭിച്ചിരുന്നു: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി

വെടിവയ്പ്പിന് 10 മിനിറ്റ് മുന്‍പ് തന്റെ ഓഫീസിലേക്ക് കൊലയാളിയുടെ സന്ദേശം എത്തിയതായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേണ്‍. പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദേശം ഉടന്‍ പാര്‍ലമെന്ററി സുരക്ഷാ വിഭാഗത്തിന് കൈമാറി. എന്നാല്‍, സന്ദേശത്തില്‍ ആക്രമണ സ്ഥലമോ സമയമോ വ്യക്തമാക്കിയിരുന്നില്ല. മാധ്യമസ്ഥാപനങ്ങളടക്കം മുപ്പതിലധികം പേര്‍ക്ക് അക്രമി സന്ദേശം അയച്ചിരുന്നുവെന്നും ജസിന്‍ഡ പറഞ്ഞു. 

രാജ്യത്തെ തോക്ക് നിയമം ഭേദഗതി ചെയ്യുന്നത് ക്യാബിനറ്റ് ചര്‍ച്ച ചെയ്യും. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബുധനാഴ്ചയോടെ ബന്ധുക്കള്‍ക്ക്  വിട്ടുനല്‍കും. വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ച വിഷയം ഫേസ്ബുക്ക് ഓപ്പറേറ്റിങ് ഓഫീസറുമായി സംസാരിച്ചതായും ജസിന്‍ഡ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.