സ്വാന്‍സി: മാഞ്ചസ്റ്റര്‍ സിറ്റി, എഫ്എ കപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ അവര്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വാന്‍സീയെ തോല്‍പ്പിച്ചു.
രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്നശേഷമാണ് സിറ്റി വിജയത്തിലേക്ക് പൊരുതിക്കയറിയത്്. ഇരുപതാം മിനിറ്റില്‍ ഗ്രിമസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി സ്വാന്‍സിയെ മുന്നിലെത്തിച്ചു. ഒമ്പത് മിനിറ്റുകള്‍ക്ക് ശേഷം ബി. സെലിനയുടെ ഗോളില്‍ അവര്‍ ലീഡ് 2-0 ആക്കി. ഇടവേളയ്ക്ക് സ്വാന്‍സി രണ്ട് ഗോളിന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലാണ് സിറ്റി ഗോളുകള്‍ മടക്കിയത്. അറുപത്തിയൊമ്പതാം മിനിറ്റില്‍ ബെര്‍നാര്‍ഡോ സില്‍വ ഒരു ഗോള്‍ മടക്കി. 78-ാം മിനിറ്റില്‍ സ്വാന്സിയുടെ നോര്ഡ്ഫെല്ട്ട് സെല്‍ഫ് ഗോള്‍ അടിച്ചതോടെ സ്കോര്‍ ഒപ്പത്തിനൊപ്പം (2-2). കളിയവസാനിക്കാന്‍ രണ്ട് മിനിറ്റുള്ളപ്പോള്‍ സെര്‍ജിയോ അഗ്യൂറോ മൂന്നാം ഗോള്‍ കുറിച്ച് സിറ്റയെ സെമിയിലെത്തിച്ചു.
വാറ്റ്ഫോര്‍ഡും സെമിയിലെത്തി. ക്വാര്‍ട്ടറില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: