പനജി; മനോഹര്‍ പരീക്കറുടെ മരണത്തെത്തുടര്‍ന്ന് ബിജെപി നേതാവ് പ്രമോദ് സാവന്ത് പുതിയ ഗോവ മുഖ്യമന്ത്രിയായി. സാവന്ത് ഇപ്പോള്‍ നിയമസഭാ സ്പീക്കറാണ്. എംജിപിയിലെ സുധിന്‍ ധവാലിക്കര്‍, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയിലെ വിജയ് സര്‍ദേശായി എന്നിവരെ ഉപമുഖ്യമന്ത്രിമാരാക്കി.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്തി നിതിന്‍ ഗഡ്ക്കരി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പൊതു സമ്മതനായ സാവന്തിനെ മുഖ്യമന്ത്രിയാക്കാനും ഘടകകക്ഷികളിലെ രണ്ടു പേരെ ഉപമുഖ്യമ്രന്തിമാരാക്കാനും തീരുമാനിച്ചത്.
40 അംഗ സഭയില്‍ ബിജെപിക്ക് 12 അംഗങ്ങളുണ്ട്. എംജിപി, ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി എന്നിവയ്ക്ക് മൂന്നു വീതം എംഎല്‍എമാരും. ബിജെപിക്ക് മൂന്നു സ്വതന്ത്രരുടെ പിന്തുണയുമുണ്ട്. മൊത്തം 21 അംഗങ്ങളുടെ പിന്തുണ. പരീക്കര്‍ അടക്കം രണ്ട് ബിജെപി അംഗങ്ങളുടെ മരണവും രണ്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ രാജിയും കാരണം ഇപ്പോള്‍ സഭയുടെ അംഗസംഖ്യ 36 ആണ്. കോണ്‍ഗ്രസിന് 14 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസിന് സഭയിലെ ഒരേ ഒരു എന്‍സിപി അംഗത്തിന്റെ പിന്തുണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: