സൗഖ്യത്തിലല്ലാത്ത സഖ്യം

Tuesday 19 March 2019 4:45 am IST

ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റുകയെന്ന ലക്ഷ്യത്തോടെ കര്‍ണാടകയില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ്-ജെഡിഎസ് അവസരവാദ കൂട്ടുകെട്ടില്‍ അതൃപ്തി പുകയുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റുപങ്കിടല്‍ പൂര്‍ത്തിയായതോടെ ഇരുപാര്‍ട്ടികളിലും ആഭ്യന്തരകലഹം രൂക്ഷമായി. 

സംസ്ഥാനത്തെ 28 ലോക്‌സഭാമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-20ഉം, ജെഡിഎസ്-8 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. രാജ്യത്തെ മഹാസഖ്യത്തിന്റെ ആദ്യമാതൃകയെന്ന് കൊട്ടിഘോഷിച്ചാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തില്‍ എത്തിയത്. 

224 അംഗ സഭയില്‍ 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റാന്‍ രാജ്യത്തെ ബിജെപി വിരുദ്ധരെല്ലാം ഒന്നിച്ച വേദിയായിരുന്നു കര്‍ണാടകയിലെ സഖ്യസര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. 224 അംഗസഭയില്‍ 37 സീറ്റുമാത്രം നേടിയ ജെഡിഎസ്സിന് മുഖ്യമന്ത്രിപദം നല്‍കിയാണ് കോണ്‍ഗ്രസ് അവസരവാദസഖ്യം രൂപീകരിച്ചത്. ബിജെപി വിരുദ്ധ നേതാക്കളെല്ലാം പങ്കെടുത്ത് ആഘോഷമായാണ് ജെഡിഎസ് ദേശീയ അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ മകന്‍ എച്ച്.ഡി. കുമാരസ്വാമിയെ മുഖ്യമന്ത്രിയായി വാഴിച്ചത്. 

സംസ്ഥാനഭരണത്തിന് പുറമെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ഏറ്റവും അധികം സീറ്റുനേടുന്ന കര്‍ണാടകയില്‍ സഖ്യത്തില്‍ മത്സരിച്ച് പരമാവധി സീറ്റുകള്‍ കരസ്ഥമാക്കുകയെന്ന ലക്ഷ്യവും ഇരുപാര്‍ട്ടികള്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളുടെയും പ്രതീക്ഷകളെല്ലാം തകിടംമറിക്കുന്നതാണ് നിലവിലെ സാഹചര്യം. 

2014 തെരഞ്ഞെടുപ്പില്‍ ബിജെപി-17, കോണ്‍ഗ്രസ്-9, ജെഡിഎസ്-2 സീറ്റുകളില്‍ വിജയിച്ചു. സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴായിരുന്നു ബിജെപിയുടെ മിന്നുന്ന വിജയം. ഇത്തവണ 22 സീറ്റാണ് ബിജെപി ലക്ഷ്യം. 

തകര്‍ന്നടിഞ്ഞ മാതൃക

കര്‍ണാടക സംസ്ഥാനത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി 2018 മെയ് 23ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ അത് രാജ്യത്തെ പ്രതിപക്ഷ ഐക്യമായി വാഴ്ത്തിപ്പാടി.  

രാജ്യത്തെ ബിജെപിവിരുദ്ധരെല്ലാം പങ്കെടുത്ത ചടങ്ങ് മഹാസഖ്യത്തിന്റെ ആദ്യപടിയെന്നാണ് കൊട്ടിഘോഷിച്ചത്. മുന്‍ പ്രധാനമന്ത്രിയും ജെഡിയു നേതാവുമായ എച്ച്.ഡി. ദേവഗൗഡ, മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, മമതാ ബാനര്‍ജി, അരവിന്ദ് കേജ്‌രിവാള്‍, ചന്ദ്രബാബുനായിഡു, കെ. ചന്ദ്രശേഖരറാവു, മുന്‍ മുഖ്യമന്തിമാരായ അഖിലേഷ് യാദവ്, മായാവതി, യുപിഎ അധ്യക്ഷ സോണിയാഗാന്ധി, എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തുടങ്ങി 22 നേതാക്കളുടെ നീണ്ട നിരയായിരുന്നു സത്യപ്രതിജ്ഞാചടങ്ങില്‍. 

ഇതോടെ കോണ്‍ഗ്രസ് അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയെന്ന് മനക്കോട്ടകെട്ടി. എന്നാല്‍ എട്ട് മാസം പിന്നിട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ മഹാസഖ്യത്തില്‍ ജെഡിഎസ്സും കോണ്‍ഗ്രസും മാത്രം.

നിയമസഭ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് സഖ്യത്തിനൊപ്പം മത്സരിച്ചിരുന്ന ബിഎസ്പി കോണ്‍ഗ്രസുമായി ബന്ധം തുടരാനില്ലെന്ന് പ്രഖ്യാപിച്ച് സഖ്യസര്‍ക്കാരിലെ മന്ത്രിസ്ഥാനം രാജിവച്ച് ബന്ധം ഉപേക്ഷിച്ചു. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന് സഖ്യത്തില്‍ പങ്കാളിയായ ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുള്‍പ്പെടെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് ഇരുട്ടടിയായി. 

ബിജെപിയെ പരാജയപ്പെടുത്താന്‍ രൂപീകരിച്ച സഖ്യം ബിജെപിക്ക് ഗുണമാകുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. പരസ്പരം പോരടിച്ചിരുന്ന കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികളുടെ കൂട്ടുകെട്ട് ഉള്‍ക്കൊള്ളാനാകാത്ത അതൃപ്തരായ നേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരും ബിജെപിയിലേക്ക് എത്തുകയാണ്. 

പുകയുന്ന സീറ്റു വിഭജനം

മാസങ്ങള്‍നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റുവിഭജനം പൂര്‍ത്തിയായപ്പോള്‍ ഇരുപാര്‍ട്ടികളിലും പ്രശ്‌നങ്ങള്‍ ആരംഭിച്ചു. 12 സീറ്റെന്ന ആവശ്യവുമായി ഉറച്ചുനിന്ന ജെഡിഎസ്സിന് ഒടുവില്‍ കോണ്‍ഗ്രസ് വിട്ടുനല്‍കിയ എട്ട് സീറ്റ് അംഗീകരിക്കേണ്ടിവന്നു. 

ഇതില്‍ രണ്ടുസീറ്റ് ജെഡിഎസ് സിറ്റിങ്‌സീറ്റും ഒരെണ്ണം കോണ്‍ഗ്രസ് സിറ്റിങ്‌സീറ്റുമാണ്. ജെഡിഎസ് സിറ്റിങ്‌സീറ്റുകളായ ഹാസന്‍, മാണ്ഡ്യ മണ്ഡലങ്ങളില്‍ ദേവഗൗഡയുടെ കൊച്ചുമക്കളായ പ്രജ്വലിനെയും നിഖിലിനെയും സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് വിട്ടുനല്‍കിയ മറ്റു സീറ്റുകളിലൊന്നിലും ജെഡിഎസ്സിന് വിജയ സാധ്യതയില്ല. 

ഇതോടെ ഒരിക്കല്‍കൂടി പ്രധാനമന്ത്രി മോഹം സ്വപ്‌നം കാണുന്ന ദേവഗൗഡ സുരക്ഷിതമണ്ഡലം തേടുകയാണ്. കുടുംബത്തിന്റെ സുരക്ഷിതത്വത്തിനായി ദേവഗൗഡ പാര്‍ട്ടിയെ കോണ്‍ഗ്രസിന് അടിയറവ് വച്ചെന്ന വാദം ഉയര്‍ത്തി ജെഡിഎസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധത്തിലാണ്. 

കോണ്‍ഗ്രസിലും വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി മുന്‍ സംസ്ഥാനഅധ്യക്ഷനും സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വരയുടെ വീടുള്‍പ്പെടുന്ന സ്ഥലമാണ് തുമക്കൂരു. 

ഇത് ജെഡിഎസ്സിന് വിട്ടുനല്‍കിയതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരമേശ്വര പരസ്യമായി പ്രതിഷേധിച്ചു. സിദ്ധരാമയ്യയാണ് ഇതിനുപിന്നിലെന്നാണ് പരമേശ്വരയുടെ വാദം. കോണ്‍ഗ്രസ് വിട്ടുനല്‍കിയ മറ്റുമണ്ഡലങ്ങളിലും ജെഡിഎസ്സിന് സ്വാധീനമില്ല. ഇവിടെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചിരുന്നു. മണ്ഡലത്തിലെ നേതാക്കളുടെ അഭിപ്രായം ചോദിക്കാതെ സീറ്റുകള്‍ വിട്ടുനല്‍കിയതില്‍ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.