പിഴ ഒടുക്കിയ പണത്തിന് സഹോദരന് നന്ദി പറഞ്ഞ് അനില്‍ അംബാനി

Tuesday 19 March 2019 11:21 am IST

മുംബൈ : സ്വീഡിഷ് കമ്പനിയായ എറിക്‌സണുമായി ബന്ധപ്പെട്ടുള്ള കേസില്‍ പിഴയടയ്ക്കാന്‍ പണം നല്‍കി സഹായിച്ചതിന് സഹാദരന്‍ മുകേഷ് അംബാനിക്ക് നന്ദി പറഞ്ഞ് അനില്‍ അംബാനി. റിലയന്‍സ് കമ്യൂണിക്കേഷന്റെ നടത്തിപ്പിനുമായി ബന്ധപ്പെട്ട് എറിക്‌സണ്‍ കമ്പനിയുമായി കരാറിലെത്തിയിരുന്നു. ഇത് പ്രകാരമുള്ള തുക കൊടുക്കാത്തിതിനെ തുടര്‍ന്ന് നല്‍കിയ ഹര്‍ജിയില്‍ 453  കോടി പിഴയൊടുക്കാന്‍ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ പിഴ ഒടുക്കണം ഇല്ലെങ്കില്‍ മൂന്നുമാസം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നായിരുന്നു ഉത്തരവ്. 

എന്നാല്‍ പിഴയൊടുക്കാനുള്ള പണം തന്റെ പക്കലില്ലെന്ന് അനില്‍ അംബാനി അറിയിച്ചെങ്കിലും തിങ്കളാഴ്ച ഈ പണം കെട്ടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് മുകേഷ് അംബാനിക്ക് നന്ദി അറിയിച്ചുകൊണ്ട് ഹൃദയസ്പര്‍ശിയായ ഒരു വാര്‍ത്താക്കുറിപ്പ് അനില്‍ അംബാനിക്ക് വേണ്ടി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പുറത്തിറക്കിയതോടെയാണ് പണം മുകേഷില്‍ നിന്ന് ലഭിച്ചതാണെന്ന് പുറത്താവുന്നത്. ജയില്‍ ശിക്ഷയില്‍ നിന്നു രക്ഷപെടാന്‍ എറിക്‌സണ് 458.77 കോടി രൂപയാണ് തിങ്കളാഴ്ച മുകേഷ് അംബാനി കൈമാറിയത്. 

സമയ പരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് അനില്‍ അംബാനിക്ക് സഹായഹസ്തവുമായി സഹോദരന്‍ മുകേഷ് അംബാനി എത്തിയത്. ആത്മാര്‍ത്ഥവും ഹൃദയം നിറങ്ങതുമായ നന്ദി എന്റെ സഹോദരന്‍ മുകേഷ് അംബാനിയേയും നിതാ അംബാനിയേയും അറിയിക്കുന്നു. പ്രതിസന്ധിഘട്ടത്തില്‍ അവര്‍ എനിക്കൊപ്പം നിന്നു. സമയോചിതമായ ഇടപെടലിലൂടെ കുടുംബ മൂല്യങ്ങളോട് എങ്ങനെയാണ് നീതി പുലര്‍ത്തേണ്ടതെന്ന് കാണിച്ചു തന്നു. ഞാനും എന്റെ കുടുംബവും അവരോട് കടപ്പെട്ടിരിക്കും. അനില്‍ അംബാനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 46000 കോടി രൂപയാണ് അനില്‍ അംബാനിയുടെ കമ്പനിയുടെ ആകെ ബാധ്യത.

2002ല്‍ ധീരുഭായ് അംബാനിയുടെ മരണ ശേഷം അംബാനി സഹോദരന്‍മാര്‍ തമ്മില്‍ സ്വത്ത് കലഹം നിലനിന്നിരുന്നു. തുടര്‍ന്ന് റിലയന്‍സ് ഗ്രൂപ്പിനെ രണ്ടായി പിളര്‍ന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അനില്‍ അംബാനിയുടെ ബിസിനസ് സാമ്രാജ്യം നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയും മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാവുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: എറിക്സണ്‍ കേസ്