സുരക്ഷ പാലിക്കാത്തതും അവിദഗ്ധ തൊഴിലാളികളും വിനയായി അഴീക്കല്‍ സില്‍ക്കില്‍ കപ്പലിന് തീപ്പിടിച്ച സംഭവം; പ്രദേശം വിഷപ്പുകയില്‍

Tuesday 19 March 2019 5:45 pm IST

 

കണ്ണൂര്‍: അഴീക്കല്‍ സില്‍ക്കില്‍ പൊളിക്കാന്‍ കൊണ്ടുവന്ന കപ്പലിന് തീപ്പിടിച്ചത് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത ടോര്‍ച്ച് കട്ടിംഗ് കാരണമാണെന്ന് വിലയിരുത്തല്‍. പൊളിക്കല്‍ നടത്തുന്നവരില്‍ ഭൂരിഭാഗവും ജോലി പരിചയമില്ലാത്തവരെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കപ്പലിന് തീപ്പിടിച്ചതിനെ തുടര്‍ന്ന് സില്‍ക്കിന്റെ പരിസര പ്രദേശത്ത് ഞായറാഴ്ച അര്‍ധരാത്രി മുതല്‍ വ്യാപിച്ച വിഷപ്പുകയെ തുടര്‍ന്ന് ജനം ഭീതിയിലാണ്. ഇന്നലെ രാവിലെ വരെ തങ്ങിനിന്ന പുകമൂടിയ അന്തരീക്ഷം വെയില്‍ പരന്നതോടെ തെളിയുകയായിരുന്നു. ഇതുവരെ ജനങ്ങള്‍ക്ക് പരസ്പരം കാണാന്‍ പോലുമാകാത്ത സാഹചര്യമായിരുന്നു. രാത്രി 11 മണിയോടെ പടര്‍ന്ന തീ പൂര്‍ണമായും അണച്ചത് ഇന്നലെ പുലര്‍ച്ചെയോടെയാണ്.

പൊതുമേഖലാ സ്ഥാപനമായ സില്‍ക്കില്‍ പൊളിക്കാന്‍ എത്തിച്ച ഹൊറൈസോണ്‍ ഫിഷറീസ് എന്ന കൂറ്റന്‍ കപ്പലിനാണ് തീപ്പിടിച്ചത്. ഏകദേശം നൂറു മീറ്റര്‍ നീളമുള്ള കപ്പലിന്റെ മുകള്‍ നിലയില്‍ നിന്നാണ് രാത്രി തീ പടര്‍ന്നത്. വിഷപ്പുക പരന്നതിനെ തുടര്‍ന്ന് പരിസരവാസികള്‍ കനത്ത ജാഗ്രതയിലാണ്. വിദഗ്ധര്‍ ജാഗ്രതാ മുന്നറിയിപ്പു നല്‍കിയിരുന്നു. തീപ്പിടിച്ച കപ്പലില്‍ നിന്ന് പരിസരത്ത് വിഷപ്പുക പടര്‍ന്നതാണ് ജനത്തെ കൂടുതല്‍ ഭീതിയിലാഴ്ത്തിയത്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ടോര്‍ച്ച് കട്ടിംഗ് വഴിയാണ് കപ്പല്‍ പൊളിക്കുന്നത്. ഗ്യാസ് ഉപയോഗിച്ചാണ് കട്ടിംഗ്. അതു വഴിയാകാം കപ്പലിന് തീ പടര്‍ന്നതെന്ന് പറയപ്പെടുന്നു. അവിദഗ്ദരായ ഇതര സംസ്ഥാനത്തൊഴിലാളികളാണ് ഇത്തരം ജോലികള്‍ ചെയ്യുന്നത്. വിദഗ്ധരായ സില്‍ക്കിലെ തൊഴിലാളികളാരും കപ്പല്‍ പൊളി നടത്തുന്നില്ല. കരാറുകാര്‍ നിയമിക്കുന്ന അവിദഗ്ധരായ ഇതര സംസ്ഥാന തൊഴിലാളികള്‍ രാത്രിയും പകലുമായി കപ്പല്‍ പൊളി നടത്തുകയാണത്രെ. 

പെട്ടെന്ന് ജോലി ചെയ്ത് തീര്‍ക്കാന്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി രാത്രിയിലും കപ്പല്‍ പൊളി നടക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ അലാങ്കില്‍ കപ്പല്‍ പൊളി നടത്തുമ്പോള്‍ ഇതേപോലെ തീപ്പിടിച്ച് 27 പേര്‍ വിഷപ്പുക പടര്‍ന്ന് ശ്വാസം മുട്ടി മരിച്ചിരുന്നു. പെട്ടെന്ന് കപ്പലിന് തീപിടിച്ചപ്പോള്‍ എഴുന്നേറ്റ് ഓടാന്‍ സാധിക്കാതെ വന്നപ്പോള്‍ പുകയില്‍ ശ്വാസം മുട്ടി 27 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. വേണ്ടത്ര മുന്‍കരുതല്‍ നടപടിയില്ലാതെ കപ്പല്‍ പൊളി നടത്തിയതാണ് ഇതിന് കാരണമെന്ന് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. അഴീക്കലില്‍ സമാനമായ സ്ഥിതിവിശേഷമാണുള്ളതെന്ന് അഴീക്കല്‍ കപ്പല്‍പൊളി വിരുദ്ധ സമിതി ഭാരവാഹികള്‍ പറയുന്നു. സില്‍ക്ക് ഉദ്യോഗസ്ഥര്‍ ഓഫീസ് പൂട്ടി പോയാല്‍ യാതൊരു ജോലിയും ഇവിടെ നടക്കാന്‍ പാടില്ലെന്നിരിക്കെ അധികൃതരുടെ ഒത്താശയോടെ കരാറുകാര്‍ രാത്രിയിലും പൊളി തുടരുകയാണെന്ന് പറയപ്പെടുന്നു. അഴീക്കലില്‍ കൂടുതല്‍ തൊഴിലാളികളില്ലാത്തതും ഉള്ളവര്‍ കൈയില്‍ കിട്ടിയ സാധനങ്ങള്‍ ഉപയോഗിച്ച് തീ കെടുത്താന്‍ നോക്കിയതും വന്‍ ദുരന്തം ഒഴിവാകുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. 

തീപ്പിടിത്തമുണ്ടായാല്‍ പെട്ടെന്ന് സ്വീകരിക്കേണ്ട സുരക്ഷാമാര്‍ഗങ്ങളൊന്നുമില്ലാതെയാണ് കപ്പല്‍ പൊളി നടത്തുന്നതെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ ആക്ഷേപമുന്നയിച്ചിരുന്നു. രാസമാലിന്യങ്ങള്‍ പരിസരപ്രദേശത്ത് ജലത്തിലൂടെയും വായുവിലൂടെയും പകരുന്നത് തടയാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അഴീക്കല്‍ കപ്പല്‍പൊളി വിരുദ്ധസമിതി കഴിഞ്ഞ ദിവസം നടന്ന ഗ്രാമസഭാ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ നാട്ടുകാരുടെ സമരത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് കപ്പല്‍ പൊളി നിര്‍ത്തിവച്ചത് രണ്ടു മാസം മുമ്പാണ് വീണ്ടും തുടങ്ങിയത്. നിലവില്‍ മൂന്നു കപ്പലുകളാണ് സില്‍ക്കില്‍ പൊളിക്കാന്‍ എത്തിച്ചിട്ടുള്ളത്. തീപിടിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും പരിസരവാസികളുടെ ജീവന് സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും നാട്ടുകാരും കപ്പല്‍പൊളി വിരുദ്ധ സമരസമിതി ഭാരവാഹികളും ആവശ്യപ്പെട്ടു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.