എംപിയുടെ പുസ്തക പ്രകാശനച്ചടങ്ങ് മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ടിനെ തഴഞ്ഞു; അണികളില്‍ പ്രതിഷേധം

Tuesday 19 March 2019 5:46 pm IST

 

നീലേശ്വരം: പി.കരുണാകരന്‍ എംപിയുടെ രണ്ട് പുസ്തകങ്ങള്‍ കഴിഞ്ഞദിവസം നീലേശ്വരം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തിരുന്നു. പരിപാടിയില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മറ്റിയംഗവും കൂടിയായ സി.പ്രഭാകരനെ തഴഞ്ഞതില്‍ കിനാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സി.പ്രഭാകരനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ആശംസാ പ്രസംഗത്തിനായി ക്ഷണിക്കപ്പെട്ട കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാലയും കുടുംബശ്രീയുടെ ചുമതല വഹിക്കുന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ പി.ബേബി വേദിയില്‍ കയറാതെ പ്രതിഷേധം പ്രകടമാക്കി. സിപിഎം പാര്‍ട്ടികേന്ദ്രമെന്ന് അവകാശപ്പെടുന്ന മടിക്കൈ പഞ്ചായത്ത് പ്രസിഡന്റിനെ എംപിയുടെ പുസ്തകപ്രകാശനച്ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ മടിക്കൈയിലെ പാര്‍ട്ടി അണികളില്‍ കടുത്ത പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പാര്‍ട്ടി മുഖപത്രത്തില്‍ സപ്ലിമെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍, ചെറുവത്തൂര്‍, കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവരുടെ ചിത്രം അടക്കമുള്ള ലേഖനം പ്രസിദ്ധീകരിച്ചപ്പോള്‍ അതിലും മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന്‍ ഉണ്ടായിരുന്നില്ല. ഈ സംഭവം അന്ന് പാര്‍ട്ടി ഘടകങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പി.കരുണാകരന്‍ എംപിയുടെ പുസ്തകപ്രകാശന ചടങ്ങിലും സി.പ്രഭാകരന്‍ തഴയപ്പെട്ടത്. ഇക്കാര്യം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചേരുന്ന പാര്‍ട്ടി യോഗങ്ങളില്‍ കര്‍ശനമായി ഉന്നയിക്കാനാണ് മടിക്കൈയിലെ പാര്‍ട്ടി അണികളുടെ നീക്കം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.