മോദി സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു: കെ.രഞ്ജിത്ത്

Tuesday 19 March 2019 5:49 pm IST

 

പാനൂര്‍: ക്ഷേമപദ്ധതികളുടെ പെരുമഴ സൃഷ്ടിച്ച് മോദി സര്‍ക്കാര്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അഭിമാനത്തോടെ ഓരോ പാര്‍ട്ടിപ്രവര്‍ത്തകരും വിജയത്തിനായി രംഗത്തിറങ്ങണമെന്ന് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത് ആഹ്വാനം ചെയ്തു. പാനൂര്‍ യുപി സ്‌കൂളില്‍ നടന്ന കൂത്തുപറമ്പ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മോദി അധികാരത്തില്‍ വന്നതിനു ശേഷം സാധാരണക്കാര്‍ക്കു വേണ്ടിയാണ് തന്റെ സര്‍ക്കാരെന്ന് വ്യക്തമാക്കുകയായിരുന്നു. 537 വാഗ്ദാനങ്ങളാണ് 2014ല്‍ ബിജെപിയുടെ പ്രകടനപത്രികയിലുണ്ടായിരുന്നത്. ഇതില്‍ 519 പദ്ധതികള്‍ നടപ്പിലാക്കി. 2021 ഓടെ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടെന്ന സ്വപ്‌നപദ്ധതി നടപ്പിലായി വരികയാണ്. ഈ പദ്ധതി ലൈഫ് എന്ന പേരില്‍ തങ്ങളുടെ അക്കൗണ്ടിലാക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നും കെ.രഞ്ജിത്ത് കുറ്റപ്പെടുത്തി. 

പ്രതിപക്ഷം റഫാല്‍ ഇടപ്പാടിന്റെ പേരില്‍ നുണപ്രചരണം നടത്തുകയാണ്. കൃത്യമായും കുറ്റമറ്റ രീതിയിലും ഇടനിലക്കാര്‍ ഇല്ലാതെ നടപ്പിലാക്കാന്‍ ശ്രമിച്ച ഇടപ്പാടിനെയാണ് ഗീബല്‍സീയന്‍ നുണകളിലൂടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പ്രതിരോധിക്കുന്നത്. ആസന്നമായ തിരഞ്ഞെടുപ്പില്‍ ഒന്നും പറയാനില്ലാതെ പ്രതിപക്ഷം പതറി നില്‍ക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

 സിപിഎമ്മിനു ഈ തിരഞ്ഞെടുപ്പോടുകൂടി ദേശീയപാര്‍ട്ടി എന്ന അംഗീകാരം നഷ്ടപ്പെടാന്‍ പോകുകയാണെന്നും ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാറിനെതിരായ വിധിയെഴുത്തു കൂടിയായി തിരഞ്ഞെടുപ്പ് മാറണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറിന്റെ വേര്‍പാടില്‍ കണ്‍വെന്‍ഷന്‍ അനുശോചനം രേഖപ്പെടുത്തി. ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് അനുസ്മരണപ്രഭാഷണം നടത്തി. ലോക്‌സഭ മണ്ഡലം സംയോജക് കെ.ഗിരീഷ്, സഹസംയോജക് കെ.ബി.പ്രജില്‍, കെ.സുകുമാരന്‍ മാസ്റ്റര്‍, വി.പി.സുരേന്ദ്രന്‍, വി.പി.ബാലന്‍, കെസി.വിഷ്ണു, കെ.രതീഷ്, അനൂപ്, കെ.കെ.ധനഞ്ജയന്‍, രാജേഷ് കൊച്ചിയങ്ങാടി, കെ.പി.സഞ്ജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.