ആറളത്ത് പുറമ്പോക്ക് കയ്യേറ്റം വ്യാപകം; പുഴയുടെ ഗതിമാറ്റാന്‍ ശ്രമം

Tuesday 19 March 2019 5:49 pm IST

 

ഇരിട്ടി: ആറളത്ത് പുഴ പുറമ്പോക്ക് കൈയേറ്റം വ്യാപകം. മണ്ണിട്ടുനികത്തിയും ജെസിബി ഉപയോഗിച്ച് ചാലുകീറിയും പുഴയുടെ ഗതിമാറ്റാനും ശ്രമം. ആറളം പാലത്തിന് സമീപം ആറളം പുഴയുടെ ഭാഗമായ പുറമ്പോക്ക് ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കൈയേറി മണ്ണിട്ടു നികത്തുന്നത്. 

 കഴിഞ്ഞ വര്‍ഷകാലത്ത് പുഴ ഗതിമാറി ഒഴുകിയപ്പോള്‍ പ്രദേശത്തെ ചില സ്വകാര്യ വ്യക്തികളുടെ ഭൂമി പുഴയിലേക്ക് ഇടിഞ്ഞിരുന്നു. ഈ ഭൂമി കെട്ടിയെടുക്കുകയെന്ന വ്യാജേന പുറമ്പോക്ക് കൂടി കൈയേറി മണ്ണിട്ട് നികത്താനാണ് ശ്രമം തുടങ്ങിയത്. വര്‍ഷങ്ങളായി മേഖലയിലെ കുട്ടികള്‍ പുറമ്പോക്കില്‍ കളിസ്ഥലമായി ഉപയോഗിച്ചുവരുന്ന സ്ഥലവും ആറളം പാലം വരുന്നതിന് മുന്‍പ് നാട്ടുകാര്‍ തോണിക്കടവായി ഉപയോഗിച്ചിരുന്ന സ്ഥലം കൂടിയാണ് ഇപ്പോള്‍ കയ്യേറിയിരിക്കുന്നത്. 

 പുഴയുടെ പകുതിയോളം വരുന്ന കരഭാഗത്ത് അതിരുതിരിക്കുന്ന വിധം കമ്പുകള്‍ നാട്ടി ഇതിനു സമീപത്തുകൂടി മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് വലിയ ചാലുകള്‍ കീറിയാണ് മണ്ണിട്ടുയര്‍ത്തിയിരിക്കുന്നത്. മഴക്കാലത്ത് പുഴയില്‍ വെള്ളം ഉയരുമ്പോള്‍ വെള്ളം പുതുതായി ഉണ്ടാക്കിയ ചാലുകള്‍ വഴി ഒഴുക്കി വിടുന്നതിന് വേണ്ടിയാണിത്. ഇത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയും. 

അടുത്ത കാലത്ത് പുഴയോട് ചേര്‍ന്ന സ്ഥലം പുതുതായി എടുത്തവരാണ് അതിര് തിരിച്ച് പുറമ്പോക്ക് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നത്. പുഴയോരം ജനവാസ മേഖലയാണ്. രാത്രികാലങ്ങളില്‍ പുഴയോരത്തുകൂടി പുതുതായി ഉണ്ടാക്കിയ റോഡ് വഴിയാണ് ഇവിടെ മണ്ണ് കൊണ്ടുവരുന്നത്.  ഇതേകുറിച്ച് പരാതി ഉയരുകയും മണ്ണിട്ട് നികത്തുന്നത് നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നതായി ആറളം വില്ലേജ് ഓഫീസര്‍ പറഞ്ഞു. എന്നാല്‍ നോട്ടീസ് കൈപ്പറ്റിയിട്ടും നികത്തല്‍ തുടരുകയാണ്. സ്ഥലത്തിന്റെ ഉടമാവകാശം സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് പുതിയ കൈയേറ്റം. ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. നേരത്തെ ആറളം എസ്.ഐ സ്ഥലം പരിശോധിച്ച് നികത്തിയ മണ്ണ് മുഴുവന്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവയൊന്നും മുഖവിലക്കെടുക്കാതെയാണ് നികത്തല്‍ യഥേഷ്ടം തുടരുന്നത്. സ്ഥലം ഉടമയ്ക്ക് വീണ്ടും നോട്ടീസ് നല്‍കുമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.