വെള്ളാട് റോഡ്: പ്രതിഷേധമുയര്‍ത്തി കര്‍ഷക കൂട്ടായ്മ

Tuesday 19 March 2019 5:50 pm IST

 

ആലക്കോട്: അധികൃതരുടെ അനാസ്ഥയെതുടര്‍ന്ന് തകര്‍ന്നുകിടക്കുന്ന കരുവഞ്ചാല്‍-വെള്ളാട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനെതിരെ പ്രതിഷേധവുമായി കര്‍ഷക കൂട്ടായ്മ. തകര്‍ന്നുകിടക്കുന്ന റോഡില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നറിയിപ്പുനല്‍കിയുള്ള ബാനര്‍ കെട്ടിയും ബോര്‍ഡുകള്‍ സ്ഥാപിച്ചുമാണ് കര്‍ഷകരും ഡ്രൈവര്‍മാരും പ്രതിഷേധിച്ചത്.

''ഈ റോഡ് നന്നാക്കുന്നവര്‍ക്ക് വോട്ട്. അല്ലാത്തവര്‍ വോട്ട് ചോദിക്കരുത്. ആദ്യം റോഡ്, പിന്നെ വോട്ട്'' എന്നിവ രേഖപ്പെടുത്തിയാണ് പ്രചാരണം നടത്തിയിട്ടുള്ളത്. കരുവഞ്ചാല്‍ മുതല്‍ വെള്ളാട് പള്ളിവരെയാണ് റോഡ് ടാറിംഗ് പൊട്ടിപ്പൊളിഞ്ഞത്. നാലരക്കോടി രൂപ ചെലവില്‍ ടാറിംഗ് നടത്തുന്നതിന് സര്‍ക്കാര്‍ നേരത്തെ ഫണ്ട് അനുവദിച്ചിരുന്നതാണെങ്കിലും വീതി കൂട്ടലിനുള്ള സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് വെള്ളാട് മുതല്‍  പള്ളിക്കവല വരെ മാത്രമാണ് പ്രവര്‍ത്തി നടന്നത്.

അവശേഷിക്കുന്ന ഭാഗമാണ് തകര്‍ന്നുകിടക്കുന്നത്. തര്‍ക്കം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഇത് പരിഹരിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ പ്രദേശവാസികള്‍ ഇതിന്റെ ദുരിതം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുയാണ്. തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കുന്നതിന് ചെറുവിരലനക്കാത്ത അധികൃതര്‍ക്കും രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കുമെതിരെ ശക്തമായ രോഷമാണ് ഈ മേഖലയില്‍ ഉടലെടുത്തിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമായാണ് പ്രതിഷേധ ബാനറും പോസറ്റുകളും ഉയര്‍ത്തിയിരിക്കുന്നത്. നടപടിയില്ലെങ്കില്‍ വോട്ട് ബഹിഷ്‌കരിക്കരണം ഉള്‍പ്പെടെ സമര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനാണ് കര്‍ഷകരുടെയും ഡ്രൈവര്‍മാരുടെയും തീരുമാനം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.