എഴുപതിലധികം ബസ്സുകള്‍ക്കെതിരെ നടപടി

Tuesday 19 March 2019 5:53 pm IST

മിന്നല്‍ പരിശോധന 

നിയമലംഘനം കണ്ടെത്തിയ 

 

കണ്ണൂര്‍: കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ ഇന്നലെ മിന്നല്‍ പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ എഴുപതിലധികം ബസുകള്‍ക്കെതിരെ നടപടിയെടുത്തു. തലശ്ശേരി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എം.പി.സുബാഷ് ബാബുവിന്റെ നേതൃത്വത്തിലാണ് ബസ്സുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. കണ്ണൂര്‍ ബസ് സ്റ്റാന്റില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയ 50 ബസ്സുകള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു. പ്രധാനമായും എയര്‍ഹോണ്‍ ഘടിപ്പിച്ച ബസുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. തലശ്ശേരി പുതിയ സ്റ്റാന്റില്‍ നടത്തിയ പരിശോധനയില്‍ 30 ലധികം ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 

ബസ്സുകളില്‍ ഘടിപ്പിച്ചിട്ടുള്ള എയര്‍ഹോണുകള്‍, മ്യൂസിക് സിസ്റ്റം എന്നിവ മൂന്നു ദിവസത്തിനകം അഴിച്ചുമാറ്റി അതത് ആര്‍ടി ഓഫീസിനുള്ളില്‍ പരിശോധനക്ക് ഹാജരാക്കേണ്ടതാണെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ബസ്സുകളില്‍ വിവിധ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുള്ള അംഗപരിമിതര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, കണ്ണ് കാണാത്തവര്‍ എന്നിവര്‍ക്കുള്ള സീറ്റുകള്‍ സംവരണമേര്‍പ്പെടുത്താത്ത ബസ്സുകള്‍ക്കെതിരെ കേസെടുത്തു. സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച് സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരെയും കേസെടുത്തു. 

 തലശ്ശേരി ഭാഗത്ത് യാത്രക്കാരെ കയറ്റി മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെയും കേസെടുത്തു. വാഹനപരിശോധനയില്‍ എംവിഐമാരായ ബേബി ജോണ്‍, പി.സുധാകരന്‍, ശ്രീനിവാസന്‍, എന്‍.ആര്‍.റിജിന്‍, വല്‍സരാജന്‍ എന്നിവരും പതിനഞ്ചോളം എഎംവിഐമാരുമടക്കം 22 ഓളം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന എന്‍ഫോഴ്സ്മെന്റ് വിഭാഗം ആര്‍ടിഒ എം.പി.സുഭാഷ് ബാബു അറിയിച്ചു.

അതേസമയം പോലീസും മോട്ടോര്‍ വാഹന വകുപ്പും നിരന്തരമായി പരിശോധന നടത്തുന്നതിലൂടെ പലപ്പോഴും കൃത്യസമയത്ത് സര്‍വീസ് നടത്താന്‍ സാധിക്കുന്നില്ലെന്നും ഇതിനാല്‍ സര്‍വീസ് നിര്‍ത്തി വെക്കേണ്ട അവസ്ഥയിലാണെന്നും ബസുടമകള്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.