മെഡിക്കല്‍ ഫീസ് നിര്‍ണയം അനിശ്ചിതത്വത്തില്‍

Wednesday 20 March 2019 11:01 am IST
ഈ വര്‍ഷവും പ്രവേശനം കുഴഞ്ഞുമറിയും

തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിര്‍ണയം അനിശ്ചിതത്വത്തില്‍. ഫീസുകള്‍ നിശ്ചയിക്കാനാകാതെ ഫീസ് നിര്‍ണയത്തിനുള്ള ജസ്റ്റിസ് ആര്‍. രാജേന്ദ്രബാബു കമ്മീഷന്‍. 

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരു വര്‍ഷം പോലും കൃത്യമായി ഫീസ് നിര്‍ണയിച്ചിട്ടില്ല. ഫീസ് നിര്‍ണയത്തിന് 2017-ല്‍ സുപ്രീംകോടതി സമയക്രമം നല്‍കിയിരുന്നു. അതു കാറ്റില്‍ പറത്തിയാണ് ഇപ്പോള്‍ രാജേന്ദ്രബാബു കമ്മീഷന്റെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനം. പ്രവേശന നടപടികള്‍ എളുപ്പത്തിലാക്കാനെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മെഡിക്കല്‍ ബില്‍ ഹൈക്കോടതി തള്ളിയതോടെ ഫീസ് നിര്‍ണയ സമിതി ചേരാനാകാത്ത സ്ഥിതിയാണ്. പത്ത്  പേരടങ്ങുന്ന സമിതി ഫീസ് നിര്‍ണയിക്കണമെന്ന ബില്ലിലെ വ്യവസ്ഥയും, തീരുമാനത്തിന് ഭൂരിപക്ഷം പിന്തുണയുമെന്നതും ഹൈക്കോടതി നീക്കി. സമിതി അംഗങ്ങളുടെ എണ്ണം നിജപ്പെടുത്താനും നിര്‍ദേശിച്ചു. 

എന്നാല്‍, വിധി വന്ന് ആറുമാസമായിട്ടും സമിതി അംഗങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. മാത്രമല്ല പ്രവേശനത്തിന് സുപ്രീംകോടതി നല്‍കിയ സമയക്രമം അവസാനിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമിതി അംഗങ്ങള്‍ക്കായി ഓര്‍ഡിനന്‍സ് കൊണ്ടുവരിക ശ്രമകരമാണ്. 

ഇതിനിടയിലാണ് കഴിഞ്ഞവര്‍ഷം നിശ്ചയിച്ച 5.60 ലക്ഷം പുനഃപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. സമിതി അംഗങ്ങളുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ കോടതി വിധിപോലും ചര്‍ച്ച ചെയ്യാനാകില്ല. ഓര്‍ഡിനന്‍സിലൂടെ സമിതി അംഗങ്ങളെ സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ തന്നെ സമിതി കൂടി കോടതി വിധി പഠിച്ച് കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിര്‍ണയിക്കുമ്പോഴേക്കും ഈ വര്‍ഷത്തെ പ്രവേശനം കഴിഞ്ഞിരിക്കും. അതോടെ, ഈ വര്‍ഷത്തെ പ്രവേശനഫീസ് നിര്‍ണയം വീണ്ടും അവതാളത്തിലാകും.

2017-ല്‍ ഏകീകൃത പ്രവേശന പരീക്ഷയും പ്രവേശനവും നിലവില്‍ വന്നിട്ടും സ്വകാര്യ കോളേജുകളില്‍ അമ്പത് ശതമാനം സര്‍ക്കാര്‍ സീറ്റെന്ന് പറഞ്ഞ് അവസാന നിമിഷം വരെ ആശയക്കുഴപ്പമുണ്ടാക്കി. അഞ്ച് ലക്ഷം ഫീസും ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഒടുവില്‍ ബാങ്ക് ഗ്യാരണ്ടി സര്‍ക്കാര്‍ നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. 4.85 ലക്ഷം എന്ന് ഫീസ് നിശ്ചയിച്ചെങ്കിലും ബാങ്ക് ഗ്യാരണ്ടി ഇപ്പോഴും വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയായി തുടരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.