ലഹരികടത്തിന് പുത്തന്‍ തന്ത്രങ്ങള്‍; ആട്ടിന്‍വളത്തിനൊപ്പം കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Wednesday 20 March 2019 2:47 pm IST

 

ഇരിട്ടി: ആട്ടിന്‍വളത്തിനൊപ്പം കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ആറായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ഇരിട്ടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയിലത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പിടികൂടിയത്. കൂത്തുപറമ്പ് സ്വദേശി മനാസ് എന്നയാളെ കസ്റ്റഡിയിലെടുത്തു. 

 ഇന്നലെ പുലര്‍ച്ചെ എക്‌സൈസ് സംഘം കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ കൂട്ടുപുഴക്കു സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് പുകയില ഉല്‍പ്പന്നങ്ങളുമായി മനാസ് പിടിയിലാകുന്നത്. ടാറ്റ എയ്‌സ് വാഹനത്തില്‍ ആട്ടിന്‍വളത്തിനിടയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കൂള്‍ ലിപ്പ് എന്ന പേരിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍. പ്രതിക്കെതിരെ കോട്പ ആക്റ്റ് പ്രകാരം കേസെടുത്തു. മൈസൂരുവില്‍ നിന്നും തലശ്ശേരിയിലേക്കു കൊണ്ടുപോകുകയായിരുന്നു ഇവയെന്ന് മനാസ് എക്‌സൈസ് സംഘത്തോട് പറഞ്ഞു. 

കര്‍ണ്ണാടകത്തിലെ ബംഗളൂരു, മൈസൂരു, വീരാജ്‌പേട്ട തുടങ്ങിയ പട്ടണങ്ങളില്‍ നിന്നുമാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി മാക്കൂട്ടം ചുരം വഴി കണ്ണൂര്‍ ജില്ലയിലെ വിവിധ ഇടങ്ങളിലേക്ക് കടത്തുന്നത്. മുന്‍പ് പച്ചക്കറി കൊണ്ടുവരുന്ന വാഹനങ്ങളിലും മറ്റും കടത്തിയിരുന്ന ലഹരി വസ്തുക്കള്‍ മേഖലയില്‍ എത്തിച്ചിരുന്നത്. വാഹന പരിശോധന ശക്തമാക്കിയതോടെ ടൂറിസ്റ്റ് ബസ്സുകളിലും മറ്റും കടത്താന്‍ ശ്രമിച്ചു. ഇവ പിടികൂടാനും ആരംഭിച്ചതോടെയാണ് ലഹരിക്കടത്തുകാര്‍ മറ്റു തന്ത്രങ്ങളിലേക്കു നീങ്ങിയത്. കഴിഞ്ഞദിവസം അത്തറുകള്‍ പൂശി സീല്‍ ചെയ്ത കവറിനുള്ളില്‍ കടത്താന്‍ ശ്രമിച്ച നാലായിരത്തോളം പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇതിന്ന് പിന്നാലെയാണ് ആട്ടിന്‍ വളത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച പുകയില ഉത്പന്നങ്ങള്‍ പിടികൂടുന്നത്.  മേഖലയില്‍ പരിശോധന ശക്തമായി തുടരുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യാത്ത് പറഞ്ഞു. ഇന്റെലിജന്‍സ് പ്രിവന്റിവ് ഓഫീസര്‍ അബ്ദുല്‍ നിസാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എന്‍. ദീപക്, ബാബു ഫ്രാന്‍സിസ്, കെ.കെ.ബിജു, പി.കെ.സജേഷ്, ഡ്രൈവര്‍ ഉത്തമന്‍ മേനചോടി എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.