മയക്കുമരുന്ന് ഉപയോഗമെന്ന് സൂചന മുഴപ്പിലങ്ങാട്ടെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ യുവാവ് മരിച്ച നിലയില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍

Wednesday 20 March 2019 2:48 pm IST

 

തലശ്ശേരി: ആള്‍ത്താമസമില്ലാത്ത വീട്ടിനകത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മുഴപ്പിലങ്ങാട് പാച്ചാക്കരയിലെ ബൈത്തുല്‍ മിഗ്ദാദില്‍ മിഗ്ദാദിന്റെ (21) മൃതദേഹമാണ് ഇന്നലെ രാവിലെ എട്ടരയോടെ കുളം ബസാര്‍ ഇഎംഎസ് റോഡിന് സമീപം പുതുക്കിപ്പണിയാനായി പൊളിച്ചുതുടങ്ങിയ വീട്ടിലെ അടുക്കള ഭാഗത്ത് തറയില്‍ ഇടത് വശം ചെരിഞ്ഞ് കിടന്ന നിലയില്‍ കാണപ്പെട്ടത്. മരണത്തിന് കാരണം അമിതമായ മയക്കുമരുന്ന് ഉപയോഗമാണെന്നാണ് പ്രാഥമിക നിഗമനം. 

നീല ജീന്‍സും നീലക്കള്ളി ഷര്‍ട്ടും ഷര്‍ട്ടിന് മീതെയായി വെള്ളയില്‍ ചുവന്ന നക്ഷത്രമുള്ള തുണിയുമുണ്ട്. അരയില്‍ ബെല്‍ട്ടും കാലില്‍ ഷൂസും അണിഞ്ഞിട്ടുണ്ട്. മൃതദേഹത്തിന്റെ തലയുടെ ഭാഗത്ത് വട്ടക്കെട്ടും കാല്‍ഭാഗത്ത് പ്ലാസ്റ്റിക് ബാഗുമുണ്ട്. തൊട്ടടുത്ത് സിറഞ്ചും കാണപ്പെട്ടു. വീടിന് സമീപത്തെ ചപ്പുചവറുകള്‍ മൂടിയ ഓവുചാലില്‍ ഒരു ഫോണും കണ്ടെത്തി. ബീച്ചിനടുത്ത പാട്ടക്കണ്ടിയില്‍ മണിയുടെതാണ് മൃതദേഹം കാണപ്പെട്ട വീട്. വിവരമറിഞ്ഞ് എടക്കാട് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. ദരിദ്രകുടുബാംഗമാണ്. ബിരിയാണി പാചകക്കാരനാണ് മിഗ്ദാദിന്റെ ഉപ്പ ഖാലിദ്. ഉമ്മ: ഹസീന. സഹോദരിമാര്‍: റഫ്‌സിന, ദില്‍ഷ. ഇതിനിടെ പ്രസ്തുത വിട്ടില്‍ മിഗ്ദാദിനൊപ്പം ഉണ്ടായതായി പറയപ്പെടുന്ന മുഴപ്പിലങ്ങാട്ടെ മറ്റാരു യുവാവ് പരിക്കുകളോടെ തലശ്ശേരിയിലെ ഒരു ആശു പത്രിയില്‍ ചികില്‍സ തേടിയതായും വിവരമുണ്ട്.  

ആളൊഴിഞ്ഞതും നിലവില്‍ താമസമില്ലാത്തതുമായ പൊളിഞ്ഞു വീഴാറായ വീട്ടിലാണ് യുവാവിന്റെ മൃദദേഹം കണ്ടത്. നിറയെ വീടുകളുള്ള ഇഎംഎസ് റോഡിനടുത്താണ് സംഭവം. ഈ പഴകിയ വീട്ടില്‍ സ്ഥിരമായി യുവാക്കള്‍ തമ്പടിക്കുന്നതായി അയല്‍വാസികള്‍ പറഞ്ഞു. സിപിഎം ശക്തികേന്ദ്രമായ ഇവിടെ സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ക്രിമിനല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.