വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം: ഐഎച്ച്എംഎ

Wednesday 20 March 2019 2:49 pm IST

 

കണ്ണൂര്‍: വേനല്‍ കനത്തതോടെ ചൂടുകാല രോഗങ്ങളും സൂര്യാതപവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ (ഐഎച്ച്എംഎ) മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും നടത്തുന്നു. ചൂടുകാല രോഗങ്ങള്‍ക്കെതിരേയും സൂര്യാതപം ഏല്‍ക്കാതിരിക്കാനും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കമ്മറ്റിയോഗം അഭിപ്രായപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കരോഗങ്ങള്‍, കണ്ണ് രോഗങ്ങള്‍, പനി മുതലായവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്ന ജില്ലയില്‍ പലഭാഗത്തായി സൂര്യാഘാതവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ വ്യക്തിശുചിത്വവും പരിസര ശുചിത്വവും കൃത്യമായി പാലിക്കണം. നിര്‍ജലീകരണം തടയുന്നതിന് ഉതകുന്ന രീതിയിലുള്ള ഭക്ഷണരീതികള്‍ ശീലിക്കുക, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിവ ധാരാളം കഴിക്കുക, സൂര്യാഘാതം തടയാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണ രീതികള്‍ കൈക്കൊള്ളുക (അയഞ്ഞതും ഇളം നിറത്തില്‍ ഉള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, അടിവസ്ത്രങ്ങള്‍ ഇടയ്ക്കിടെ മാറ്റുക, പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കുക)എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം. പനിയോ വയറിളക്ക രോഗങ്ങളോ ഉണ്ടായാല്‍ നിസാരമായി കാണാതെ വിദഗ്ദ്ധ ഡോക്ടര്‍മാരെ കണ്ടു ചികിത്സയും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്. മറ്റെല്ലാ അസുഖങ്ങള്‍ക്കും എന്നപോലെ വേനല്‍ക്കാല രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സ ഉണ്ട്. മെഡിക്കല്‍ ക്യാന്പുകളും ബോധവത്കരണ ക്ലാസുകളും നടത്താന്‍ താത്പര്യമുള്ള സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ ഘടകവുമായി ബന്ധപ്പെടാം. ഫോണ്‍: 9388700869, 9495453827, 9249888898. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.