വരള്‍ച്ച: കുടിവെള്ളത്തിന് നെട്ടോട്ടമോടി ആറളം ഫാമിലെ ആദിവാസി കുടുംബങ്ങള്‍

Wednesday 20 March 2019 2:50 pm IST

 

ഇരിട്ടി വേനല്‍ കടുത്തതോടെ ആറളം ഫാമിലെ പുനരധിവാസ മേഖലകള്‍ വരണ്ടുണങ്ങുന്നു. ഇതോടെ കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് മേഖലയിലെ പല കുടുംബങ്ങളും. പുനരധിവാസ മേഖലയിലെ ഒന്‍പതാം ബ്ലോക്കില്‍ കാളികയത്തെ ഇരുന്നൂറിലേറെ കുടുംബങ്ങളില്‍ ചുരുക്കം ചിലര്‍ക്കുമാത്രമേ കിണറുള്ളൂ. അതില്‍ പലതും വറ്റിവരണ്ടു. ഇതോടെ ഈ കുടുംബങ്ങള്‍ വെള്ളത്തിനായി പരക്കം പായുകയാണ്. ഒരു കിലോമീറ്ററിലേറെയുള്ള വറ്റിവരണ്ട പുഴക്കരയില്‍ കുഴിയുണ്ടാക്കി അതില്‍ ഊറിവരുന്ന വെള്ളമാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഒരു പാത്രം താഴ്ത്താന്‍ മാത്രം പാകത്തിലുള്ള കുഴിക്കുചുറ്റും പാത്രവുമായി കാത്തുനില്‍ക്കുന്ന ആദിവാസി കുടുംബങ്ങളുടെ കാഴ്ച ദുരിതപൂര്‍ണ്ണമാണ്. 

ഇവിടെ കോടികള്‍ മുടക്കി നിര്‍മ്മിച്ച ജലനിധി പദ്ധതിയുണ്ടെങ്കിലും ആഴ്ചയില്‍ എപ്പോഴെങ്കിലും കണ്ണീര്‍ത്തുള്ളിപോലെ ഇറ്റിയാണ് വെള്ളമെത്തുന്നത്. കഴിഞ്ഞ കാലവര്‍ഷത്തില്‍ വെള്ളപ്പൊക്കത്തില്‍ ഗതിമാറി ഒഴുകിയ കാളികയം പുഴയില്‍ ഒഴുക്കുനിലച്ച് അവിടവിടെയായുള്ള വെള്ളമാണ് ഇപ്പോള്‍ ഇവരുടെ ഏക ആശ്രയം. ഒരു കിലോമീറ്ററിലേറെ ദൂരം വെള്ളം ചുമക്കേണ്ട അവസ്ഥയാണ് പലകുടുംബങ്ങള്‍ക്കും. കിണറില്ലാത്തവര്‍ക്ക് അപേക്ഷ നല്‍കിയിട്ടും ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. കാളികയം കൂടാതെ കോട്ടപ്പാറ, പൂക്കുണ്ട് മേഖലകളും കടുത്ത ജലക്ഷാമം നേരിടുന്ന മേഖലകളാണ്. ഈ പ്രദേശങ്ങളിലെ ചിലകുടുംബങ്ങള്‍ ജലക്ഷാമം മൂലം പുഴക്കരയിലേക്ക് കുടില്‍കെട്ടി താമസം മാറ്റിയിരിക്കുകയാണ്്.

വെള്ളമില്ലാതെ പ്രവര്‍ത്തനം മുടങ്ങിക്കിടക്കുന്ന ജലനിധി പദ്ധതികള്‍ പഞ്ചായത്തിന്റെ രേഖകളില്‍ ഉള്ളതിനാല്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നു. പൊതു സ്ഥലങ്ങളില്‍ മുന്‍പ് സ്ഥാപിച്ചിരുന്ന കിയോസ്‌കുകളും നോക്കുകുത്തിയായി തുടരുന്നു. പുനരധിവാസ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് ആദിവാസികള്‍ വിരല്‍ ചൂണ്ടുന്നത്. അവരുടെ തെറ്റായ സമീപനമാണ് കുഴല്‍കിണര്‍ കുഴിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.