ഇരിട്ടി മേഖലയിലേക്ക് രാത്രി ബസ് സര്‍വ്വീസ് ഇല്ലാത്തത് ജനങ്ങള്‍ക്ക് കടുത്ത ദുരിതം

Wednesday 20 March 2019 2:50 pm IST

 

കണ്ണൂര്‍: രാത്രികാല ബസ്സു സര്‍വ്വീസ് ഇല്ലാത്തതിനാല്‍ ഇരിട്ടി മലയോര മേഖലയിലെ ജനങ്ങള്‍ ദുരിതത്തില്‍. രാത്രി 8.30 കഴിഞ്ഞാല്‍ കണ്ണൂര്‍ ടൗണില്‍ നിന്ന് ഇരിട്ടി മേഖലയിലേക്ക് ബസ്സ് സര്‍വ്വീസ് ഇല്ലാത്ത അവസ്ഥയാണ്. നിരവധി തവണ യാത്രാ ദുരിതത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടും പരാതി നല്‍കിയിട്ടോ കെഎസ്ആര്‍ടിസി രാത്രിയാത്രാ സൗകര്യം ഏര്‍പ്പെടുത്താന്‍ ഇതേവരെ തയ്യാറായിട്ടില്ല.

മലയോര മേഖലയില്‍ നിന്ന് നിരവധിപേര്‍ മറ്റ് ജില്ലകളില്‍ ജോലിചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ളവര്‍ രാത്രി എട്ടര കഴിഞ്ഞ് കണ്ണൂരിലെത്തിയാല്‍ ഇരിട്ടിയിലേക്ക് ബസ്സില്ലാത്തതിനാല്‍ രാത്രി മുഴുവന്‍ റെയില്‍വേ സ്റ്റഷനിലോ ബസ്സ്റ്റാന്റിലോ ഉറക്കമിളച്ച് പിറ്റേന്ന് കാലത്തുവരെ സമയം തള്ളിനീക്കേണ്ട ഗതികേടിലാണ്. ദിര്‍ഘദൂര യാത്രകഴിഞ്ഞ് കണ്ണൂരിലെത്തുന്നവര്‍ ബസ്സ് സൗകര്യമില്ലാത്തിനാല്‍ വന്‍തുക വാടക നല്‍കി ഓട്ടോറിക്ഷയില്‍ സ്വന്തം നാട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിതരാവുകയാണ്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ഈ മേഖലയിലേക്ക് പുതിയ ബസ് സര്‍വ്വീസ് ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം നടപ്പിലായില്ലെന്ന്  മാത്രം.  

പയ്യന്നൂര്‍, തളിപ്പറമ്പ്, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യത്തിലധികം ബസ്സ് സര്‍വ്വീസ് നടത്തുമ്പോഴാണ് ഇരിട്ടിലേക്ക് രാത്രികാല സര്‍വ്വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി വിമുഖത കാണിക്കുന്നതും ജനങ്ങള്‍ ദുരിതത്തിലാകുന്നതും. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയിലുള്ളത്. ഇക്കാര്യം ജനപ്രതിനിധികളും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും അവഗണിക്കുകയാണെന്നും ആരോപണമുണ്ട്.

  കണ്ണൂരില്‍നിന്നും ഇരിട്ടി മേഖലയിലേക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.