പ്രവാസികള്‍ക്കും വോട്ട്‌

Wednesday 28 November 2012 10:36 pm IST

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രായപൂര്‍ത്തിയായ പ്രവാസികള്‍ക്കും വോട്ടവകാശം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതനുസരിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വോട്ടര്‍പട്ടികയില്‍ പ്രവാസികളെ ഉള്‍പ്പെടുത്തും.
പഞ്ചായത്തീരാജ്‌ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ്‌ നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തി തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്ക്‌ വോട്ടവകാശം നല്‍കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സര്‍ക്കാരിനോട്‌ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ഈ നിര്‍ദ്ദേശം അനുസരിച്ചാണ്‌ പുതിയ തീരുമാനം.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ 30 ലക്ഷത്തിലധികം വരുന്ന വിദേശമലയാളികള്‍ക്കും വോട്ടുചെയ്യാം. ഇവരില്‍ എഴുപത്‌ ശതമാനത്തിലധികവും ഗള്‍ഫ്‌ രാജ്യങ്ങളിലാണ്‌.
കൊച്ചി ബിനാലെക്ക്‌ പണം നല്‍കിയതിലും അതിന്റെ വിനിയോഗത്തിലും ധനവകുപ്പ്‌ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതിനാല്‍ ഇത്‌ സംബന്ധിച്ച്‌ വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മന്ത്രി കെ.സി.ജോസഫ്‌ അറിയിച്ചു.
ബിനാലെ ഫൗണ്ടേഷന്റെ ഭരണസമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഉണ്ടെങ്കില്‍ അവരെ പിന്‍വലിക്കും. ബിനാലെയ്ക്ക്‌ സര്‍ക്കാര്‍ യാതൊരു സാമ്പത്തിക സഹായവും നല്‍കില്ല. ഇടതുപക്ഷ സര്‍ക്കാര്‍ സമ്മതിച്ചതുപോലെ കൊച്ചി ദര്‍ബാര്‍ ഹാള്‍ വാടകയില്ലാതെ നല്‍കാനുള്ള തീരുമാനം മാറ്റേണ്ടതില്ലെന്നും തീരുമാനിച്ചു.
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സാംസ്കാരിക സ്ഥാപനമായതിനാല്‍ കരിമ്പട്ടികയിലെടുക്കാന്‍ കഴിയില്ല. ധനവകുപ്പ്‌ നടത്തിയ പരിശോധനയില്‍ ധാരാളം ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. അതിനെക്കുറിച്ച്‌ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെയോ ലളിതകലാ അക്കാദമിയുടെയോ മുദ്ര ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ സാമ്പത്തികസഹായം ഒഴിച്ച്‌ സര്‍ക്കാര്‍ മറ്റ്‌ സഹായങ്ങള്‍ നല്‍കാനും തീരുമാനിച്ചു. അഞ്ച്കോടി രൂപ നല്‍കിയവര്‍ ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത എന്‍എച്ച്‌ 17-47 വികസനത്തിനായി സ്ഥലമെടുപ്പ്‌ സംബന്ധിച്ച്‌ സര്‍ക്കാരിന്‌ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ്‌ സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. കളക്ടര്‍മാരും ഉദ്യോഗസ്ഥരും ഇതില്‍ അംഗങ്ങളായിരിക്കും. 30മീറ്റര്‍ റോഡിന്റെ മധ്യഭാഗത്ത്‌ നിന്നും തുല്യമായി ഇരുവശത്തേക്കും 15മീറ്റര്‍ സ്ഥലമെടുത്ത്‌ 45മീറ്ററാക്കും. പരമാവധി ആരാധനാലയങ്ങളെ ഒഴിവാക്കാനും തീരുമാനിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തെ ഒഴിവാക്കി റോഡിന്‌ വീതികൂട്ടിയാല്‍ മതിയെന്നും നിര്‍ദ്ദേശം നല്‍കും.
വികലാംഗദിനത്തോടനുബന്ധിച്ച്‌ എംപ്ലോയ്മെന്റ്‌ എക്സ്ചേഞ്ച്‌ വഴി താല്‍ക്കാലിക ജീവനക്കാരായ 1953പേരെ സ്ഥിരപ്പെടുത്താനും തീരുമാനിച്ചു. 1999 മുതല്‍ 2001 വരെ 121 ദിവസജോലി ചെയ്തവരെയാണ്‌ സ്ഥിരപ്പെടുത്തുക.
ഓട്ടോമിനിമം കൂലി 14 രൂപയില്‍നിന്ന്‌ 15രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരത്തിനാണ്‌ 15രൂപ ഈടാക്കുക. തുടര്‍ച്ചയായി സംഘര്‍ഷം നടക്കുന്ന നാദാപുരത്ത്‌ പോലീസ്‌ സബ്ഡിവിഷന്‍ ആരംഭിക്കും. പോലീസ്‌ കണ്‍ട്രോള്‍ റൂമും തുടങ്ങും. ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 60 പുതിയ തസ്തികകള്‍ സൃഷ്ടിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.