കേരളത്തിലും എന്‍ഡിഎയെ പിന്തുണയ്ക്കും മോദി നട്ടെല്ലുള്ള പ്രധാനമന്ത്രി: ജെഡിയു

Thursday 21 March 2019 3:43 am IST

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എന്‍ഡിഎ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന് ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സുധീര്‍ ജി. കൊല്ലാറ. നിലവില്‍ എന്‍ഡിഎ മുന്നണിയില്‍ ജനതാദള്‍ യുണൈറ്റഡ് അംഗമല്ലെങ്കിലും തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് പിന്നീട് ചര്‍ച്ച ചെയ്യും. എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ വിജയത്തിന് പാര്‍ട്ടിപ്രവര്‍ത്തകര്‍ രംഗത്തുണ്ടാകും. സംസ്ഥാനത്ത് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കില്ല. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വിജയത്തിനായി സംസ്ഥാന ഭാരവാഹികളടക്കം 50 പേര്‍ ലക്ഷദ്വീപിലേക്ക് പോകും, അദ്ദേഹം പറഞ്ഞു.

നട്ടെല്ലുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് സുധീര്‍ ജി. കൊല്ലാറ പറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. പുല്‍വാമ ഭീകരാക്രമണത്തിനുശേഷം അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുണ്ടായ പിന്തുണ മോദിയുടെ വിജയമാണെന്നും ഓരോ ഭാരതീയന്റെയും ആത്മാഭിമാനമുയര്‍ത്തിയ സംഭവങ്ങളാണ് തുടര്‍ന്നുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന കമ്മറ്റി പുനഃസംഘടിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ഭാരവാഹികളായി കെ. സുരേന്ദ്രന്‍, വിത്സന്‍ സിറില്‍, എം.കെ. അനുജന്‍, അഡ്വ. മേരി മാത്യു, ചെമ്പകശ്ശേരി ചന്ദ്രബാബു (വൈസ് പ്രസിഡന്റുമാര്‍), സുരേന്ദ്രന്‍ കക്കോടി, അഡ്വ. മൈക്കിള്‍കുട്ടി മാത്യു, വേണുഗോപാല്‍ ജി. നന്ദനം, ദാസന്‍ വെണ്ണക്കര (ജനറല്‍ സെക്രട്ടറിമാര്‍), ഔസേപ്പ് ആന്റോ, എം.പി. ഷാഹുല്‍ഹമീദ് വൈദ്യരങ്ങാടി, അഷ്‌റഫ് പയ്യോളി, അഡ്വ.പി. ശ്യാം, ബേബി വെള്ളപ്പാറ (സെക്രട്ടറിമാര്‍), നാരായണന്‍ നമ്പൂതിരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 

ദാസന്‍ വെണ്ണക്കര, എം.പി. ഷാഹുല്‍ഹമീദ് വൈദ്യരങ്ങാടി, അഷ്‌റഫ് പയ്യോളി, സുരേന്ദ്രന്‍ കക്കോടി, വിജയന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.