ഇരട്ട നേട്ടത്തിനരികില്‍ ഇന്ത്യന്‍ നായകന്‍

Thursday 21 March 2019 5:26 am IST

ചെന്നൈ: ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തനായ വിരാട് കോഹ്‌ലി ഇന്ത്യക്ക് ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. പക്ഷെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്വന്തം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ഇത് വരെ കിരീട വിജയത്തിലേക്ക് നയിക്കാനായിട്ടില്ല. ഇത്തവണ ഈ കുറവ് പരിഹരിക്കാനുള്ള ഒരുക്കത്തിലാണ് കോഹ്‌ലി.

ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ശനിയായാഴ്ച കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ചെന്നൈയില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സുമായി മാറ്റുരയ്ക്കും. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ നയിക്കുന്നത്.

ലോക ക്രിക്കറ്റില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്ന കോഹ്‌ലിയെ ഐപിഎല്ലിലും റെക്കോഡുകള്‍ കാത്തിരിക്കുകയാണ്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാനാകാന്‍ കോഹ് ലിക്ക് ഇനി 37 റണ്‍സ് മാത്രം മതി. നിലവില്‍ 4948 റണ്‍സുള്ള ഈ ഇന്ത്യന്‍ നായകന്‍ രണ്ടാം സ്ഥാനത്താണ്. ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ സുരേഷ് റൈനയാണ് ഒന്നാം സ്ഥാനത്ത്- 4985 റണ്‍സ്.

ഉദ്ഘാടന മത്സരത്തില്‍ തന്നെ കോഹ്‌ലിക്ക് ഇത് മറികടക്കാനായേക്കും. സുരേഷ് റൈനയും ഉദ്ഘാടന മത്സരത്തില്‍ കളിക്കാനിറങ്ങുന്നതിനാല്‍ ആരു മുന്നിലെത്തുമെന്ന് കണ്ടുതന്നെ അറിയണം.ഐപിഎല്ലില്‍ കൂടുതല്‍ തവണ 50 റണ്‍സിലധികം നേടിയ ഓസീസിന്റെ ഡേവിഡ് വാര്‍ണറുടെ റെക്കോഡിനടുത്തെത്തി നില്‍ക്കുകയാണ് കോഹ്‌ലി. ഉദ്ഘാടന മത്സരത്തില്‍ അര്‍ധ സെഞ്ചുറിയടിച്ചാല്‍ കോഹ്‌ലി വാര്‍ണര്‍ക്കൊപ്പം എത്തും. കോഹ്‌ലി 38 തവണ അമ്പതില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ട്. അതേസമയം വാര്‍ണര്‍ 39 തവണ അമ്പതില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ട്.

വ്യക്തിഗത റെക്കോഡിനെക്കാളുപരി ടീമിന് കിരീട വിജയം സമ്മാനിക്കുയാണ് കോഹ്‌ലിയുടെ ലക്ഷ്യം. ഇന്ത്യന്‍ ടീമില്‍ കോഹ്‌ലിയുടെ സഹതാരങ്ങളായ എം.എസ്. ധോണിയും (ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്്) രോഹിത് ശര്‍മയും (മുംബൈ ഇന്ത്യന്‍സ്് ) മൂന്ന്്  തവണ വീതം അവരവരുടെ ടീമിന് ഐപിഎല്‍ കിരീടം സമ്മാനിച്ചിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.