കാവല്‍ജോലി ചെയ്യുന്നവരെ കോണ്‍ഗ്രസ് അവഹേളിക്കുന്നു: പ്രധാനമന്ത്രി

Wednesday 20 March 2019 10:22 pm IST

ന്യൂദല്‍ഹി: ചൗക്കീദാര്‍ ചോര്‍ ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പ്രചാരണത്തിലൂടെ കോണ്‍ഗ്രസ് കാവല്‍ജോലി ചെയ്യുന്നവരെ അവഹേളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ ജീവനക്കാരോട് ഇതിന് താന്‍ മാപ്പ് ചോദിക്കുന്നു. രാജ്യത്തെ 25 ലക്ഷം കാവല്‍ക്കാരെ ഓഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസ് മുദ്രാവാക്യത്തിന് മറുപടിയായി മേം ഭീ ചൗക്കീദാര്‍ (ഞാനും കാവല്‍ക്കാരന്‍) എന്ന പുതിയ പ്രചാരണ പരിപാടി ബിജെപി ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 31ന് അഞ്ഞൂറ് കേന്ദ്രങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി സംവദിക്കും. 

കാവല്‍ക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസ് നിലപാട് രാജ്യത്തിന് അപകടകരമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയും കാവല്‍ക്കാരനും ഒന്നാണ്. കാവല്‍ക്കാരെപ്പോലെ 24 മണിക്കൂറും ജാഗ്രതയോടെയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. എത്ര അപമാനിച്ചാലും രാജ്യത്തിനായുള്ള പ്രവര്‍ത്തനത്തില്‍നിന്നും പിന്നോട്ട് പോകില്ല. ഇത്തരം ആക്ഷേപങ്ങള്‍ അലങ്കാരമായി കണക്കാക്കണം.  പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ ആയുഷ്മാന്‍ ഭാരത് നടപ്പാക്കി. ദരിദ്രരെ സഹായിക്കുകയെന്നത് കാവല്‍ക്കാരന്റെ ചുമതലയാണ്. 

മക്കള്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും പ്രധാനമന്ത്രിയുമൊക്കെ ആയിത്തീരാനാണ് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്. എങ്കിലും കാവല്‍ക്കാരന്റെ ആത്മവീര്യം അവരില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കണം. സ്വന്തം ജീവന്‍ അപകടത്തിലാക്കി ഭീകരരോട് കണക്കുചോദിച്ച സൈന്യത്തെ രാജ്യം അഭിനന്ദിക്കണം. ഭീകരര്‍ക്കെതിരായ നടപടി എല്ലാവരിലും അഭിമാനം ജ്വലിപ്പിച്ചു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത പ്രതിപക്ഷത്തിന്റെ നിലപാട് ഞെട്ടിപ്പിക്കുന്നതായിരുന്നു. അടിച്ചത് പാക്കിസ്ഥാനിലാണെങ്കിലും ഇന്ത്യയിലെ ചിലയാളുകള്‍ക്കും വേദനിച്ചു. സൈന്യത്തിന്റെ തിരിച്ചടിയും അതിനെ ചോദ്യം ചെയ്തതും രാജ്യം മറക്കില്ല. എല്ലാവര്‍ക്കും പ്രധാനമന്ത്രി ഹോളി ആശംസകള്‍ നേര്‍ന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.