ആലപ്പുഴയില്‍ എഴുപതിനേക്കാള്‍ വലുത് ഇരുപത്

Thursday 21 March 2019 10:24 am IST
പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതില്‍ പോലും തന്റെ വിശ്വാസമാണ് വലുതെന്ന് പ്രഖ്യാപിച്ചയാള്‍ സ്ഥാനാര്‍ഥിയാകുന്നതിന്റെ സന്ദേശം വ്യക്തമാണ്. നേരത്തെ മണ്ഡലത്തിലെ പത്തു ശതമാനത്തോളമുള്ള ലത്തീന്‍ സമുദായംഗങ്ങളെ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് വിജയിക്കുകയും തോല്‍ക്കുകയും ചെയ്തിട്ടുണ്ട് സിപിഎം.

ആലപ്പുഴ: എഴുപതിനേക്കാള്‍ വലുതാണ് ഇരുപത് ആലപ്പുഴയെ സംബന്ധിച്ചെങ്കിലും ഇടതുവലതു മുന്നണികള്‍ക്ക്. സംഘടിതമായ ഇരുപത് ശതമാനം വോട്ടുകള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആലപ്പുഴയിലെ ഇടതു-വലതു മുന്നണികളുടെ സ്ഥാനാര്‍ഥി നിര്‍ണയം. പതിമൂന്ന് ലക്ഷത്തോളം വോട്ടര്‍മാരാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ഇതില്‍ മുസ്ലിം വോട്ടര്‍മാര്‍ ഇരുപത് ശതമാനത്തോളമാണ്. എഴുപത് ശതമാനത്തോളമാണ് ഹിന്ദു വോട്ടര്‍മാരുള്ളത്. 

എക്കാലവും മതവും, ജാതിയും വിധിനിര്‍ണയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന മണ്ഡലത്തില്‍ ഇത്തവണ ഇരുമുന്നണികളും പയറ്റുന്നത് ന്യൂനപക്ഷപ്രീണന രാഷ്ട്രീയം. ശബരിമലയില്‍ വിശ്വാസികള്‍ക്കെതിരായ നിലപാട് സ്വീകരിക്കുകയും, ആചാരങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തതോടെ പരമ്പരാഗത വോട്ടുബാങ്കില്‍ വിള്ളലുണ്ടായി. ഇതോടെയാണ് അരൂര്‍ എംഎല്‍എയായ എ.എം. ആരിഫിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം നിര്‍ബന്ധിതരായത്. ആദ്യമായാണ് മുസ്ലിം വിഭാഗത്തില്‍പ്പെട്ടയാളെ ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ഥിയാക്കുന്നത്. 

പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതില്‍ പോലും തന്റെ വിശ്വാസമാണ് വലുതെന്ന് പ്രഖ്യാപിച്ചയാള്‍ സ്ഥാനാര്‍ഥിയാകുന്നതിന്റെ സന്ദേശം വ്യക്തമാണ്. നേരത്തെ മണ്ഡലത്തിലെ പത്തു ശതമാനത്തോളമുള്ള ലത്തീന്‍ സമുദായംഗങ്ങളെ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് വിജയിക്കുകയും തോല്‍ക്കുകയും ചെയ്തിട്ടുണ്ട് സിപിഎം. ഇത്തവണ കൃത്യമായ അജണ്ടയോടെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചപ്പോള്‍ ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് അതേ നാണയത്തില്‍ നേരിടുക എന്ന തന്ത്രമാണ് യുഡിഎഫ് പയറ്റുന്നത്.

ഇടതുപക്ഷം പല തവണ വനിതകളെ സ്ഥാനാര്‍ഥികളാക്കിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് ഒരു വനിതയെ സ്ഥാനാര്‍ഥിയാക്കുന്നത് ആദ്യം. ആലപ്പുഴയെ ലോക്‌സഭയില്‍ ഒരു വനിത മാത്രമേ പ്രതിനിധാനം ചെയ്തിട്ടുള്ളു. മുതിര്‍ന്ന സിപിഎം നേതാവ് സുശീല ഗോപാലനാണ് മുമ്പ് റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സോളാര്‍ വിഷയം ഉയര്‍ത്തിക്കാട്ടി കെ.സി. വേണുഗോപാലിനെതിരെ പരസ്യമായി യുദ്ധപ്രഖ്യാപനം നടത്തി ഷാനിമോള്‍ വിവാദത്തിലായിരുന്നു. വിഷയത്തില്‍ അന്നത്തെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ പരാമര്‍ശവും ഏറെ വിവാദമായിരുന്നു. 

ഈ സാഹചര്യത്തില്‍ വേണുഗോപാലിന് ശക്തമായ സ്വാധീനമുള്ള ആലപ്പുഴയില്‍ ഷാനിമോള്‍ക്കെതിരെ അടിയൊഴുക്കുകള്‍ ഉണ്ടാകുമോയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശങ്കയുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മതം ആധിപത്യം ചെലുത്തിയ സാഹചര്യത്തില്‍ പോരാട്ടവും ആ വഴിക്കാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ചിഹ്നങ്ങളിലെ വ്യത്യസ്തതയല്ലാതെ ഇരുമുന്നണികളുടെയും നിലപാടുകള്‍ ഒന്നായതിനാല്‍ മൂന്നാം കക്ഷിയായ എന്‍ഡിഎയുടെ നിലപാടുകളും പ്രചാരണങ്ങളും നിര്‍ണായകമാകുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.