തൃശൂര്‍ : ന്യൂസിലാന്‍ഡില്‍ പള്ളികളിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി ആന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ എത്തിക്കും. ആന്‍സിയുടെ മൃതദേഹം ന്യൂസിലാന്‍ഡ് അധികൃതര്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഭര്‍ത്താവിന് കൈമാറിയിട്ടുണ്ട്. എംബാംചെയ്ത് കേരളത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ എംബാം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് അറിയുന്നതിനായി നോര്‍ക്ക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആന്‍സിയുടെ ചെറിയച്ഛന് നൗഷാദ് അറിയിച്ചു.
അതേസമയം ആന്‍സിയുടെ മൃതദേഹം ന്യൂസിലാന്‍ഡില്‍ സംസ്കരിക്കണമെന്ന് സര്‍ക്കാര്‍ കുടുംബത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. കൊല്ല്പെട്ടവര്ക്ക് സ്മാരകം പണിയുന്നതിനായാണ് ക്രൈസ്റ്റ് ചര്‍ച്ചില്‍ തന്നെ മൃതദേഹം സംസ്കരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കണമെന്ന് ആന്‍സിയുടെ ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: