ധോണിപ്പേടിയില്‍ റോയല്‍സ്

Friday 22 March 2019 7:25 am IST

ബെംഗളൂരു: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയും നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും നേര്‍ക്കുനേര്‍വരുന്ന ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തോടെ ഐപിഎല്‍ പന്ത്രണ്ടാം സീസണ് നാളെ കൊടിയേറും. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം. 

നാലാം കിരീടം നേടി ചരിത്രമെഴുതാന്‍ ഒരുങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് വിജയത്തോടെ പ്രയാണം തുടങ്ങാമെന്ന് പ്രതീക്ഷയിലാണ്. വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്്. പക്ഷെ ചരിത്രം അവര്‍ക്ക എതിരാണ്. പണമൊഴുകുന്ന ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ടീമായ ചെന്നൈക്കെതിരെ റോയല്‍ ചലഞ്ചേഴ്‌സിന്റെ റെക്കോഡ് മോശമാണ്. ചെന്നൈയും ബെംഗ്‌ളൂരുവും ഇത് വരെ 22 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ പതിനാലിലും ചെന്നൈയുടെ മഞ്ഞപ്പടയാണ് വിജയം പിടിച്ചത്. ഐപിഎല്ലില്‍ ചെന്നൈ ഒരു ടീമിനെതിരെ നേടുന്ന ഏറ്റവും കൂടുതല്‍ വിജയമാണിത്. ദല്‍ഹിക്കെതിരെ പതിനെട്ട് മത്സരങ്ങളില്‍ 12 വിജയവും രാജസ്ഥാന്‍ റോയല്‍സിനെതരെ 19 മത്സരങ്ങളില്‍ 12 വിജയവും ചെന്നൈ സ്വന്തമാക്കിയിട്ടുണ്ട്്.

ധോണിപ്പടക്കെതിരെ അവസാനം കളിച്ച ആറു മത്സരങ്ങളില്‍ തോറ്റതും റോയല്‍സിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. 2008 ല്‍ ചെന്നൈയില്‍ നടന്ന മത്സരത്തിലാണ് റോയല്‍സ് അവസാനമായി ധോണിപ്പടയെ വീഴ്ത്തിയത്.

ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ധോണിയുടെ റെക്കോഡും റോയല്‍ ചലഞ്ചേഴ്‌സിനെ വിറളിപിടിപ്പിക്കുന്നു. ഐപിഎല്‍ മത്സരങ്ങളില്‍ ഈ സ്‌റ്റേഡിയത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടിയ രണ്ടാമത്തെ ബാറ്റ്‌സ്മാനാണ് ധോണി. ഇവിടെ 52 മത്സരം കളിച്ച ധോണി 49 ഇന്നിങ്ങ്‌സില്‍ 1238 റണ്‍സ് നേടി. ആറ് അര്‍ധ സെഞ്ചുറികള്‍ കുറിച്ചിട്ടുണ്ട്. 36.41 ആണ് ശരാശരി. 

ചെന്നൈയുടെ തന്നെ സുരേഷ് റെയ്‌നയാണ് ഇവിടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍. 53 മത്സരങ്ങള്‍ കളിച്ച റെയ്‌ന 52 ഇന്നിങ്ങ്‌സില്‍ 1403 റണ്‍സ് കുറിച്ചു. ഒരു സെഞ്ചുറിയും ഏഴ് അര്‍ധശതകവും നേടിയിട്ടുണ്ട്. 29.85 ആണ് ശരാശരി. 

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ഏറ്റവും കൂടതല്‍ റണ്‍സ്് നേടിയ ബാറ്റ്‌സ്മാന്‍ ധോണിയാണ്. 24 ഇന്നിങ്ങ്‌സില്‍ 710 റണ്‍സ് നേടി.മുന്‍ വര്‍ഷങ്ങളിലെ റെക്കോഡ് അനുകൂലമാണെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് റോയല്‍സിനെ വിലകുറച്ച് കാണുന്നില്ല. വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് കടലാസില്‍ ശക്തമാണ്.

ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്, ഹെന്‍ റിച്ച് ക്ലാസന്‍ ,  ഓസ്്‌ട്രേലിയയുടെ മാര്‍കസ് സ്‌റ്റേയ്‌നിസ്, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, ന്യൂസിലന്‍ഡിന്റെ ടിം സൗത്തി, കോളിന്‍ ഡി ഗ്രന്ദ്‌ഹോം, വിന്‍ഡീസിന്റെ ഹെറ്റ്‌മെയര്‍ എന്നിവര്‍ അണിനിരക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ശക്തമായ ടീമാണ്.ക്യാപ്റ്റന്‍ ധോണി, സുരേഷ് റെയ്‌ന, ഷെയ്ന്‍ വാട്ണ്‍, ബ്രാവോ, ഫാ ഡുപ്ലെസിസ് ഡേവിഡ് വില്ലി, മിച്ചല്‍ സാന്റര്‍ തുടങ്ങിയവരാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ ശക്തി കേന്ദ്രം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.