ഭുവനേശ്വര്‍: ബിജു ജനതാദള്‍ നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്കിന്റെ സമ്പാദ്യത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അമ്പതു കോടി രൂപയുടെ വര്‍ധന. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പു കമ്മീഷനു സമര്‍പ്പിച്ച സ്വത്തു വിവരത്തിലാണ് ഈ കണക്കുകള്‍.
2014ല്‍ കൊടുത്ത കണക്കില്‍ പന്ത്രണ്ട് കോടി രൂപയായിരുന്നു സമ്പാദ്യം. ഇപ്പോള്‍ 63.87 കോടി. ഒഡീഷയിലും ദല്‍ഹിയിലുമാണ് നവീന്‍ പ്രധാനമായും ആസ്തികളുള്ളത്. ന്യൂദല്‍ഹിയില്‍ നവീന്റേയും സഹോദരി ഗീതയുടേയും പേരില്‍ എപിജെ അബ്ദുള്‍ കലാം റോഡിലുള്ള വീടാണ് ആസ്തികളില്‍ പ്രധാനം. ഈ വീടിനു 43 കോടി രൂപ വില വരും.
ഒഡീഷയില്‍ നവീന്‍ നിവാസ് എന്ന പേരിലുള്ള വീടിന് 9.52 കോടി. അക്കൗണ്ടിലുള്ളതും സ്വര്‍ണത്തിന്റെ വിലയും ചേര്‍ന്ന് ഇരുപത്തി മൂന്നു ലക്ഷം രൂപയുടെ ആസ്തി. കൈയില്‍ 25,000 രൂപ പണമായുണ്ട്. 1980 മോഡല്‍ അമ്പാസിഡര്‍ കാറിന് 9000 രൂപയാണ് വിലയിട്ടിരിക്കുന്നത്.
2000 മുതല്‍ ഒഡീഷ മുഖ്യമന്ത്രിയായ നവീന്‍ ഇത്തവണ കാര്യമായ പരാജയഭീതിയുണ്ട്. ബിജെപി ശക്തമായ പോരാട്ടത്തിനാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബിജു ജനതാദള്‍ നേതാക്കള്‍ പാര്‍ട്ടി വിട്ടതും നവീനെ അലട്ടുന്നു. ഇതാദ്യമായി രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള നവീന്റെ തീരുമാനം ആശങ്കയുടെ സൂചനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: