മുനമ്പം മനുഷ്യക്കടത്ത്: അന്വേഷണം പരിതാപകരമെന്ന് ഹൈക്കോടതി

Saturday 23 March 2019 3:01 am IST

കൊച്ചി: എറണാകുളം മുനമ്പം മനുഷ്യക്കടത്തു കേസില്‍ അന്വേഷണം പരിതാപകരമാണെന്നും ശരിയായ അന്വേഷണം ഇതുവരെ നടന്നിട്ടില്ലെന്നും ഹൈക്കോടതിയുടെ വിമര്‍ശനം. കേസിനാസ്പദമായ സംഭവം പ്രഥമദൃഷ്ട്യാ മനുഷ്യക്കടത്താണെന്നതിന് തെളിവുണ്ട്. എന്നാല്‍ ചെറിയ കുറ്റങ്ങള്‍ ചുമത്തി കേസിന്റെ ഗൗരവം കുറച്ചു കളഞ്ഞെന്നും മനുഷ്യക്കടത്ത് കുറ്റം ചുമത്തിയാലേ കേസിനെ കേന്ദ്ര ഏജന്‍സികള്‍ ഗൗരവത്തോടെ കാണൂവെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു. 

 മൂന്നാം പ്രതി തിരുവനന്തപുരം വെങ്ങാന്നൂര്‍ സ്വദേശി അനില്‍കുമാര്‍, ന്യൂഡല്‍ഹി സ്വദേശിയും ഏഴാം പ്രതിയുമായ രവി എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി  അന്വേഷണത്തെ കുറ്റപ്പെടുത്തിയത്. 

പാസ്‌പോര്‍ട്ട് നിയമം, അനധികൃത കുടിയേറ്റ നിയമം തുടങ്ങിയവ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് കോടതി വിലയിരുത്തി.  ജനുവരി 12ന് മുനമ്പം മാല്യങ്കര ബോട്ട് ജെട്ടിയില്‍ നിന്ന് ഒരു ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം 87 പേര്‍ വിദേശത്തേക്ക് കടന്നെന്നാണ് കേസ്. ആരോ ഇവരില്‍ നിന്ന് പണം വാങ്ങി. മെച്ചപ്പെട്ട ജീവിതത്തിനായി ഇവര്‍ പണം നല്‍കി. ഇരകള്‍ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടിട്ടില്ല. ഇരകളുടെ സ്ഥിതി എന്താണെന്ന് അറിയില്ലെന്നും അന്വേഷണ സംഘം പറയുന്നു. മനുഷ്യക്കടത്താണ് നടന്നതെന്ന് വിലയിരുത്താന്‍ ഇത്രയും കാര്യങ്ങള്‍ മതിയെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. 

നേരത്തെ അനധികൃത കുടിയേറ്റമാണ് നടന്നതെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ പ്രസ്താവന നല്‍കിയിരുന്നു. ഇതിനുശേഷം കൂടതല്‍ വിവരങ്ങള്‍ ലഭിച്ചെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ ബോധിപ്പിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ മനുഷ്യക്കടത്ത് കുറ്റം ചുമത്തുമോയെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ ദുരുദ്ദേശ്യമില്ലെന്നും ആവശ്യമെന്ന് കണ്ടാല്‍ മനുഷ്യക്കടത്ത് കുറ്റം ചുമത്തുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി. ജാമ്യ ഹര്‍ജികള്‍ മാര്‍ച്ച് 25ന് പരിഗണിക്കാനായി മാറ്റി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.