പുലി‍വാമ ഭീകരാക്രമണം; സൂത്രധാരനുമായി ബന്ധമുണ്ടായിരുന്ന ജെയ്‌ഷെ ഭീകരന്‍ ദല്‍ഹിയില്‍ പിടിയില്‍

Saturday 23 March 2019 3:59 am IST

ന്യൂദല്‍ഹി: ജെയ്‌ഷെ ഭീകരന്‍ സജ്ജദ് ഖാന്‍ ദല്‍ഹി പോലീസിന്റെ പിടിയില്‍. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മുദാസിര്‍ അഹമ്മദ് ഖാനുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായാണ് വിവരം. ദല്‍ഹിയിലെ ചെങ്കോട്ടയ്ക്കടുത്ത് നിന്ന് വ്യാഴാഴ്ച രാത്രിയാണ് സജ്ജദിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 14ന് നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ആക്രമണത്തിന് മുന്‍പ് ദല്‍ഹിയിലെത്തിയ ഇയാള്‍ ഇതുവരെ ഒളിച്ച് താമസിക്കുകയായിരുന്നു.

സാജിദ് ഖാന്‍ എന്നറിയപ്പെടുന്ന സജ്ജദ്, ഷാള്‍ കച്ചവടക്കാരനായാണ് ദല്‍ഹിയില്‍ കഴിഞ്ഞിരുന്നത്. ജമ്മുകശ്മീര്‍ സ്വദേശിയായ സജ്ജദിന് പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നു.

ഇയാളുടെ രണ്ട് സഹോദരന്മാരും ജെയ്‌ഷെ മുഹമ്മദില്‍ അംഗങ്ങളായിരുന്നു. എന്നാല്‍ ഇരുവരും ജമ്മുകശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു.

2018 ഒക്ടോബറില്‍ തെക്കന്‍ കശ്മീരിലെ ട്രാല്‍ മേഖലയില്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ അനന്തരവന്‍ കൊല്ലപ്പെട്ട അതേ ഏറ്റുമുട്ടലിലാണ് സജ്ജദിന്റെ ഒരു സഹോദരന്‍ കൊല്ലപ്പെട്ടത്. 

പുല്‍വാമ ആക്രമണത്തിന് സ്‌ഫോടക വസ്തുക്കളും വാഹനവും എത്തിച്ച മുദാസിര്‍ അഹമ്മദ് ഖാനെ മാര്‍ച്ച് 11ന് ഏറ്റുമുട്ടലില്‍ കൊന്നതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. മുദാസിര്‍ കൊല്ലപ്പെടുന്നത് വരെ സജ്ജദ് ഇയാളുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. പാക്കിസ്ഥാനി ഭീകരന്‍ യാസിനുമായും മൊബൈല്‍ ആപ്പ് വഴി വ്യാജ നമ്പറുകള്‍ ഉപയോഗിച്ച് ഇയാള്‍ ബന്ധപ്പെട്ടിരുന്നതായാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.