തൃക്കാര്‍ത്തികക്ക്‌ പൊന്നണിഞ്ഞ്‌ ചോറ്റാനിക്കര ക്ഷേത്രം

Wednesday 28 November 2012 10:42 pm IST

തൃപ്പൂണിത്തുറ: തൃക്കാര്‍ത്തിക സന്ധ്യക്ക്‌ നൂറുകണക്കിന്‌ നിലവിളക്കുകളില്‍ തെളിഞ്ഞ ദീപനാളങ്ങളാല്‍ ചോറ്റാനിക്കര ക്ഷേത്രാങ്കണമാകെ പൊന്നണിഞ്ഞുനിന്നു. ശ്രീകോവിലിനുള്ളില്‍ തങ്കഗോളകയണിഞ്ഞ ദേവീവിഗ്രഹം ഭക്തര്‍ക്ക്‌ ദര്‍ശന പുണ്യമായി.
ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക തിരുനാള്‍ മഹോത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച ദീപാരാധനക്കാണ്‌ ദീപക്കാഴ്ച ഒരുക്കിയത്‌. ചുറ്റുവിളക്കുകളിലും, പ്രദക്ഷിണ വരികളില്‍ നിരത്തിയ നിലവിളക്കുകളിലും നിരന്നുകത്തിയ ദീപനാളങ്ങള്‍ ചൊരിഞ്ഞ സുവര്‍ണശോഭ കാണികള്‍ക്ക്‌ ദൃശ്യവിരുന്നായി.
മകം നാളില്‍ ചാര്‍ത്തുന്ന പ്രത്യേക തങ്കഗോളകയണിയിച്ചാണ്‌ തൃക്കാര്‍ത്തിക നാളില്‍ പന്തീരടി പൂജ നടത്തിയത്‌. തന്ത്രി എളവള്ളിപുലിയന്നൂര്‍ ശ്രീജേഷ്‌ മുഖ്യകാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ടി.പി.കൃഷ്ണന്‍ നമ്പൂതിരി സഹകാര്‍മികനായി. തിരുനാളിന്‌ നെയ്യില്‍ തയ്യാറാക്കിയ ചതുശത നിവേദ്യവും സമര്‍പ്പിച്ചു.
വൈകീട്ട്‌ 5 ആനപ്പുറത്ത്‌ കാഴ്ചശീവേലി, കുളങ്കുന്നത്തുകാവ്‌ ഭാസ്ക്കര കുറുപ്പിന്റെ പ്രമാണത്തില്‍ പഞ്ചാരിമേളം, മേജര്‍ സെറ്റ്‌ പഞ്ചവാദ്യത്തോടെ രാത്രിവിളക്കിനെഴുന്നള്ളിപ്പ്‌, തിരുവാതിരക്കളി, നൃത്തപരിപാടി, ഗാനതരംഗിണി എന്നിവയും ഉണ്ടായി.
ഇന്ന്‌ രാത്രി വിളക്കിനെഴുന്നള്ളിപ്പ്‌, പെരുവനം കുട്ടന്‍ മാരാരുടെ പഞ്ചാരിമേളം എന്നിവ നടക്കും. തൃക്കാര്‍ത്തിക മഹോത്സവ പരിപാടികള്‍ നാളെ സമാപിക്കും. തൃപ്പൂണിത്തുറ തെക്കും ഭാഗം മേക്കാവ്‌ ക്ഷേത്രം പാവം കുളങ്ങര ക്ഷേത്രം, എന്നിവിടങ്ങളില്‍ പൊങ്കാല സമര്‍പ്പണം ദീപക്കാഴ്ച കലാപരിപാടികള്‍ എന്നിവയോടെ തൃക്കാര്‍ത്തിക മഹോത്സവം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.