ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് സത്യപ്രതിജ്ഞ ചെയ്തു

Saturday 23 March 2019 12:08 pm IST
കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ശംഭു ചന്ദ്രഘോഷിന്റെ മകനാണ് പിനാകി ചന്ദ്രഘോഷ്. പേരു കേട്ട അഭിഭാഷകനായ ദിവാന്‍ വാരാണസി ഘോഷിന്റെ കുടുംബത്തിലെ അഞ്ചാം തലമുറയില്‍പ്പെട്ട അഭിഭാഷകനായിരുന്നു.

ന്യൂദല്‍ഹി: രാജ്യത്തെ ആദ്യ ലോക്പാല്‍ ആയി ജസ്റ്റീസ് പിനാകി ചന്ദ്ര ഘോഷ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒരു വനിതാ ജഡ്ജി അടക്കം നാലു മുന്‍ ഹൈക്കോടതി ജഡ്ജിമാരും നാലു മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥരും ലോക്പാല്‍ പാനലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പിനാകി ചന്ദ്രഘോഷ്  നിരവധി സുപ്രധാന വിധിന്യായങ്ങളിലൂടെ ചരിത്രം കുറിച്ച വ്യക്തിയാണ്. സുപ്രീംകോടതി മുന്‍ ജഡ്ജിയും ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായ ഘോഷിന്റെ പേര് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് നിര്‍ദേശിച്ചത്. കോണ്‍ഗ്രസ് അംഗം മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗം ബഹിഷ്‌ക്കരിച്ചിരുന്നു. 

കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ശംഭു ചന്ദ്രഘോഷിന്റെ മകനാണ് പിനാകി ചന്ദ്രഘോഷ്. പേരു കേട്ട അഭിഭാഷകനായ ദിവാന്‍ വാരാണസി ഘോഷിന്റെ കുടുംബത്തിലെ അഞ്ചാം തലമുറയില്‍പ്പെട്ട അഭിഭാഷകനായിരുന്നു. കല്‍ക്കട്ട സര്‍ദാര്‍ ദേവനി അദാലത്തിലെ ആദ്യത്തെ ഇന്ത്യക്കാരനായ ചീഫ് ജസ്റ്റിസായി 1867ല്‍ നിയമിതനായ ഹരചന്ദ്ര ഘോഷിന്റെ കുടുംബക്കാരനാണ്. 1997-ല്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റീസ് ഘോഷ്, 2013-ല്‍ സുപ്രീം കോടതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശ് ചീഫ് ജസ്റ്റീസായിരിക്കെ, ഇദ്ദേഹമാണ് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലലെ അഴിമതിക്കേസില്‍ ശിക്ഷിച്ചത്.  

2013ലാണ് ലോക്പാലിനെ നിയമിക്കാന്‍ ബില്‍ പാസാക്കിയത്.  പല കാരണങ്ങള്‍ കൊണ്ടും നിയമനം നീണ്ടു.  അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാനുള്ള സംവിധാനമാണ് ലോക്പാല്‍. പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനുള്ള അധികാരവും അവകാശവും ലോക്പാലിനുണ്ട്. സംസ്ഥാനങ്ങളിലെ ലോകായുക്ത പോലെയാണ് കേന്ദ്രത്തിലെ ലോക്പാലിന്റെ പ്രവര്‍ത്തനം. മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെ  ലോക്പാലിന് അന്വേഷിക്കാം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.