പെരിയാറില്‍ മാലിന്യം നിറയുന്നു

Saturday 23 March 2019 12:46 pm IST

ആലുവ: പ്രളയാനന്തരം പെരിയാറിന്റെ കൈവഴികളില്‍ മാലിന്യങ്ങള്‍ അടിഞ്ഞതിനെ തുടര്‍ന്ന് പല ഭാഗങ്ങളിലും നീരൊഴുക്ക് നിലച്ചു. പ്രളയത്തില്‍ പെരിയാറിലൂടെ നിരവധി മരങ്ങളും ഇല്ലിക്കൂട്ടങ്ങളും മാലിന്യവുമെല്ലാം ഒഴുകിയെത്തിയിരുന്നു. ഇതില്‍ പലതും പെരിയാറിന്റെ കൈവഴികളിലേക്ക് കയറി വീതി കുറഞ്ഞ ഭാഗങ്ങളില്‍ തങ്ങിക്കിടക്കുന്നതാണ് ഒഴുക്ക് നിലക്കാന്‍ കാരണം. 

നീരൊഴുക്ക് തടസപ്പെട്ടതോടെ ജനങ്ങള്‍ക്ക് കുളിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. പ്രധാന കൈവഴിയായ ചൂര്‍ണിക്കര പഞ്ചായത്തിലെ ഇടമുളപ്പുഴയില്‍ മാലിന്യം വലിയ കൂമ്പാരമായാണ് അടിഞ്ഞിരിക്കുന്നത്. നീരൊഴുക്ക് നിലച്ചിട്ടും അധികൃതര്‍ മാലിന്യം നീക്കാന്‍ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. പ്രളയത്തിന് മുമ്പ് പുഴയോരത്തെ കൈയേറ്റങ്ങള്‍ നീരൊഴുക്ക് കുറയാന്‍ ഇടയാക്കിയിരുന്നു. മൂന്നാള്‍ ആഴത്തില്‍ വെള്ളമുണ്ടായിരുന്ന ഇടമുള പാലത്തിന് സമീപം മുട്ടോളമേ വെള്ളമുള്ളു. പ്രളയത്തില്‍ ചെളിയും കടപുഴകി വീണ മരവുമെല്ലാം വന്നടിഞ്ഞിട്ടും നീക്കുന്നതിന് ജലസേചന വകുപ്പോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ തയ്യാറാകുന്നില്ല. ഇടമുളപ്പുഴയുടെ ഒരു ഭാഗം ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തും മറുകര ഏലൂര്‍ നഗരസഭയുമാണ്. അതിനാല്‍ പുഴ സംരക്ഷിണ്ടേ ചുമതല ചൂര്‍ണ്ണിക്കരയും ഏലൂരിനുമുണ്ടെങ്കിലും രണ്ട് സ്ഥാപനങ്ങളും ഗൗരവമായെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ചൂര്‍ണിക്കരയിലെയും ഏലൂരിലെയും പ്രധാന കുടിവെള്ള സ്രോതസ്സാണ് ഇടമുളപ്പുഴ. നീരൊഴുക്ക് നിലച്ചാല്‍ കിണറുകളിലെ ഉറവനില്‍ക്കും. വെള്ളവും മലിനമായാല്‍ കിണര്‍ വെള്ളവും മലിനമാകുമെന്നതാണ് അവസ്ഥ.

ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി

ആലുവ: നഗരത്തിലെ അനധികൃത ജലമൂറ്റലിനെതിരെ നഗരസഭ കൗണ്‍സിലര്‍മാര്‍ ജില്ലകളക്ടര്‍ക്ക് പരാതി നല്‍കി. ബിജെപി കൗണ്‍സിലര്‍ എ.സി. സന്തോഷ് കുമാര്‍, സ്വതന്ത്ര കൗണ്‍സിലര്‍ സെബി.വി.ബാസ്റ്റിന്‍ എന്നിവരാണ് പരാതി നല്‍കിയത്. നഗരത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 20ല്‍ പരം അനധികൃത ജലചൂഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നഗരസഭ അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടും ജലമൂറ്റല്‍ തുടരുകയാണ്. ഇതിനാല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. കളക്ടര്‍ ഇടപെട്ട് ജലചൂഷണ കേന്ദ്രങ്ങള്‍ക്കെതിരെ അടച്ചുപൂട്ടാന്‍ നടപടിയെടുക്കണമെന്ന് പരാതിയില്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.