മുഖംതിരിച്ചു മില്ലുകാര്‍; കോടികളുടെ നെല്ല് പാടത്തു കെട്ടിക്കിടക്കുന്നു

Saturday 23 March 2019 1:16 pm IST

അമ്പലപ്പുഴ: മില്ലുകാരുടെ അനാസ്ഥയെത്തുടര്‍ന്ന് കോടിക്കണക്കിനു രൂപയുടെ നെല്ല് പാടശേഖരത്ത് കെട്ടിക്കിടക്കുന്നു. കര്‍ഷകര്‍ ആശങ്കയില്‍. പുറക്കാട് അപ്പാത്തിക്കരി പാടശേഖരത്താണ് 150 ഓളം ലോഡ് നെല്ല് കെട്ടിക്കിടക്കുന്നത്. 588 ഏക്കറുള്ള പാടശേഖരത്ത് ഈ മാസം 12നാണ് കൊയ്ത്താരംഭിച്ചത്. ഇതിനു ശേഷം രണ്ട് തവണയായി രണ്ട് മില്ലുകാര്‍ നെല്ല് നോക്കാനായി എത്തിയിരുന്നു. നെല്ലെടുക്കാമെന്ന് പറഞ്ഞ് മടങ്ങിയെങ്കിലും ഇതുവരെ ഇവര്‍ എത്തിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കരിനില മേഖലയായ ഇവിടെ ഏക്കറിന് 35,000 രൂപാ വരെ ചെലവിട്ടാണ് കര്‍ഷകര്‍ കൃഷി നടത്തിയത്. 

കൊയ്ത നെല്ലെല്ലാം പാടശേഖരത്ത് പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. വേനല്‍മഴ പെയ്താല്‍ കോടിക്കണക്കിനു രൂപയുടെ നെല്ല് നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇനി ഒരു ദിവസം കൂടി കഴിയുമ്പോള്‍ കൊയ്ത്ത് പൂര്‍ത്തിയാകും.ഇതോടെ കെട്ടിക്കിടക്കുന്ന നെല്ലിന്റെ അളവ് വീണ്ടും കൂടും.കര്‍ഷകര്‍ തങ്ങളുടെ മാസങ്ങള്‍ നീണ്ട അധ്വാനം പാഴാകുമോയെന്ന ആധിയിലാണ്. 

സപ്ലൈകോ അടിയന്തിരമായി ഇടപെട്ട് മില്ലുടമകളെക്കൊണ്ട് നെല്ലെടുപ്പിച്ചില്ലെങ്കില്‍ ദേശീയ പാത ഉപരോധം ഉള്‍പ്പെടെയുള്ള സമരം നടത്താനാണ് കര്‍ഷകരുടെ തീരുമാനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.