സഞ്ചരിക്കാന്‍ വഴി തേടി കളക്ടറേറ്റ് പടിക്കല്‍ വയോധികന്റെ സമരം

Saturday 23 March 2019 1:21 pm IST

ആലപ്പുഴ:തനിക്കും കുടുംബത്തിനും സഞ്ചരിക്കാന്‍ വഴിക്കായി കളക്ടറേറ്റ് പടിക്കല്‍ 16 ദിവസമായി വയോധികന്റെ ഏകാംഗ സമരം. രാവിലെ ഏഴുമണിയോടെയെത്തി സമരപന്തലോ കുടയോ പോലുമില്ലാതെ പൊരിവെയിലത്ത് കുത്തിയിരിക്കുന്ന വയോധികന് ആവശ്യം ഒന്നുമാത്രം, വീട്ടിലേക്ക് നടന്നുപോകാന്‍ ഒരു നടവഴി വേണം. മണ്ണഞ്ചേരി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ ആര്യാട് വടക്ക് പുറമ്പോക്ക് കോളനി നിവാസിയായ കെ.കെ. ഭാസ്‌കരനാ (72)ണ് ജില്ലാ ഭരണകൂടത്തിന്റെ കനിവു തേടുന്നത്. കര്‍ഷക തൊഴിലാളിയായിരുന്ന ഭാസ്‌കരനും കുടുംബത്തിനും 1966ലാണ് പത്ത് സെന്റ് സ്ഥലം ലഭിച്ചത്. മറ്റ് 36 പട്ടികജാതി -പട്ടികവര്‍ഗ കുടുബത്തിനും ഇതോടൊപ്പം 10 സെന്റ് വീതം അനുവദിച്ചു. എല്ലാവര്‍ക്കും പൊതുവഴിയും ഇതുമായി ബന്ധപ്പെട്ട് ക്രമീകരിച്ചിരുന്നു.

എന്നാല്‍ 2012ന് ശേഷം പ്രദേശവാസികളില്‍ ചിലര്‍ വഴി കൈയേറി വേലികെട്ടുകയായിരുന്നെന്ന് ഭാസ്‌കരന്‍ കുറ്റപ്പെടുത്തുന്നു. ഇതോടെ സമീപത്തെ വീട്ടില്‍ക്കൂടി കയറി പോകേണ്ട സ്ഥിതിയായി. ഭാസ്‌കരന്റെ ഭാര്യ 14 വര്‍ഷം മുമ്പ് മരിച്ചു. ഏക മകന്‍ കല്‍പ്പണിക്കാരനായ സുരേഷ്ബാബുവും ഭാര്യ സുമിമോളും മകന്‍ അഭിരാമും ഭാസ്‌കരനൊപ്പം താമസിക്കുന്നുണ്ട്. 

സുതാര്യ കേരളത്തിലും ആര്‍ഡിഒയ്ക്കും മുമ്പ് പരാതികള്‍ നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും ഇതോടെയാണ് കളക്ടറേറ്റ് പടിക്കല്‍ സമരം നടത്താന്‍ തീരുമാനിച്ചതെന്നും ഭാസ്‌കരന്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.