പൊട്ടിപ്പൊളിഞ്ഞ് തകഴി റെയില്‍വേ ക്രോസ്

Saturday 23 March 2019 1:25 pm IST

എടത്വാ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിലെ തകഴി റെയില്‍വേ ലെവല്‍ ക്രോസ് കടക്കാന്‍ പാടുപെട്ട് വാഹന യാത്രക്കാര്‍. റെയില്‍വേ പാളത്തിന്റെ ഇരുഭാഗത്തേയും അപ്രോച്ച് റോഡുകള്‍ തകര്‍ന്നിട്ട് മാസങ്ങളേറെയായി. കുണ്ടും, കുഴിയുമായി കിടക്കുന്ന റോഡില്‍ കാല്‍നട യാത്രക്കാര്‍ക്കുപോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയിലാണ്. 

സംസ്ഥാന പാത നവീകരിച്ചിട്ടും റെയില്‍പാത നവീകരിക്കാന്‍ റെയില്‍വെ അധികൃതര്‍ കൂട്ടാക്കിയില്ല. പൊട്ടിപ്പൊളിഞ്ഞ ലെവല്‍ ക്രോസിന്റെ അപ്രോച്ച് റോഡിലൂടെയുള്ള യാത്ര ഏറെ കഠിനമെന്നാണ് യാത്രക്കാര്‍ പലതവണ പരാതിപ്പെട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങളും, ചരക്ക് വണ്ടികളും ഏതു നിമിഷവും അപകടത്തില്‍ പെടാവുന്ന അവസ്ഥയാണ്.

റോഡിലെ കുഴികളില്‍പ്പെട്ട് ഇരുചക്രവാഹനങ്ങളും, മുച്ചക്ര വാഹനങ്ങളും മറിയുകയും, അപകടത്തില്‍പ്പെടുകയും ചെയ്യുന്നത് പതിവുകാഴ്ചയായി മാറിക്കഴിഞ്ഞു. വലിയ വാഹനങ്ങള്‍ ഏറെ സമയമെടുത്താണ് റെയില്‍പാത മറികടക്കുന്നത്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. കഴിഞ്ഞ പ്രളയത്തിലാണ് ഇവിടുത്തെ അപ്രോച്ച്റോഡുകള്‍ പൂര്‍ണമായും തകര്‍ന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ്സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാന പാതയിലെ ഏക റെയില്‍വെ ലെവല്‍ ക്രോസാണ് തകഴിയിലേത്.

തകഴി സ്മാരകത്തിനോടു ചേര്‍ന്നുള്ള ഇവിടെ മേല്‍പ്പാലം വേണമെന്നുള്ളത് ജനങ്ങളുടെ നീണ്ട കാലത്തെ ആവശ്യമാണ്. റെയില്‍പാതയിലുള്ള തടസം കാരണം സമയനഷ്ടവും, ദുരിതവും സഹിച്ചു വേണം യാത്ര ചെയ്യാന്‍. നിരവധി സ്‌കൂള്‍ ബസുകളും ഗതാഗത കുരുക്കില്‍പ്പെട്ട് സമയത്തിന് വിദ്യാര്‍ഥികളെ സ്‌കൂളില്‍ എത്തിക്കാനാവാതെ കഷ്ടപ്പെടുകയാണ്. ഇരു അപ്രോച്ച് റോഡുകളും എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. റെയില്‍വെയുടെ അവഗണനക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.