ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവെന്ന് ആരോപണം

Saturday 23 March 2019 1:34 pm IST

അമ്പലപ്പുഴ: കൈക്ക് തരിപ്പുമായി ചെന്ന വീട്ടമ്മക്ക് മെഡിക്കല്‍ കോളജാശുപത്രിയില്‍ നടത്തിയ ചികിത്സയില്‍ പിഴവ്. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ലക്ഷങ്ങളുടെ ചെലവ്. ഡോക്ടര്‍ക്കെതിരേ വീട്ടമ്മയുടെ പരാതി. 

 പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് പറവൂര്‍ കാവ്യം വീട്ടില്‍ മീരാ എസ്. കുമാറാണ് ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലെ ഓര്‍ത്തോസര്‍ജനെതിരേ സൂപ്രണ്ടിന് പരാതി നല്‍കിയത്. സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ ഇവര്‍ക്ക് വലതു കൈയ്ക്ക് തരിപ്പും പെരുപ്പും ഉണ്ടായതോടെയാണ് ഡോക്ടറെ ആശുപത്രിയിലെത്തി കണ്ടത്. തുടര്‍ന്ന് ഒരു മാസത്തോളം മരുന്നു കഴിച്ചെങ്കിലും ഫലമുണ്ടാകാതെ വന്നപ്പോള്‍ വീണ്ടും ആശുപത്രിയിലെത്തി. 

പിന്നീട് പരിശോധന നടത്തിയ ശേഷം ശസ്ത്രക്രിയക്ക് തീയതിയും നല്‍കി. ശസ്ത്രക്രിയക്കായി ചെന്നപ്പോള്‍ ലോക്കല്‍ അനസ്തേഷ്യയും നടത്തി. അപ്പോള്‍തന്നെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതായി വീട്ടമ്മ പറയുന്നു. ഇതിനെക്കുറിച്ച് പറഞ്ഞെങ്കിലും ഡോക്ടര്‍ ഇത് നിസാരവല്‍ക്കരിക്കുകയായിരുന്നു. പിന്നീട് മറ്റൊരു ഡോക്ടര്‍ വരികയും ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ശസ്ത്രക്രിയ നടത്താതെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും ചെയ്തു. മണിക്കൂറുകള്‍ക്കു ശേഷം അവസ്ഥയില്‍ നേരിയ മാറ്റം വന്നപ്പോള്‍ ശസ്ത്രക്രിയക്കായി മറ്റൊരു തീയതി നല്‍കി വീട്ടിലേക്ക് പറഞ്ഞു വിട്ടു.

 എന്നാല്‍ വീട്ടിലെത്തിയ ശേഷം വീണ്ടും വേദനക്ക് കുറവില്ലാതെ വന്നതോടെ ഡോക്ടറെ വീട്ടില്‍ ചെന്ന് കണ്ട് മരുന്ന് വാങ്ങി കഴിച്ചു. പിന്നീടും വേദന കൂടി കൈയുടെ നിറം മാറുകയും വിരലുകള്‍ക്ക് നീരു വന്ന് വീങ്ങുകയും ചെയ്തു. ഇതോടെ തൊട്ടടുത്ത ദിവസം ഡോക്ടറെ വീണ്ടും വീട്ടിലെത്തി കാണിച്ചപ്പോള്‍ ഇത് വല്ലാത്ത ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍ തന്നെ പറഞ്ഞുവെന്നാണ് വീട്ടമ്മയുടെ പരാതിയിലുള്ളത്. തുടര്‍ന്ന് ആലപ്പുഴ തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തി അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു. 

മെഡിക്കല്‍ കോളജാശുപത്രിയില്‍ കുത്തിവെച്ച മരുന്നിന്റെ ഇന്‍ഫെക്ഷന്‍ മൂലം ഇവരുടെ കൈയിലെ മാംസവും തൊലിയും ഞരമ്പും തകരാറിലായിരിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും രോഗാവസ്ഥ തുടരുകയാണ്. കൈയുടെ ഈയവസ്ഥയെത്തുടര്‍ന്ന് ജോലിക്ക് പോകാന്‍ പോലും കഴിയാതെ വിശ്രമത്തിലാണ് ഈ അധ്യാപിക. ചികിത്സാപ്പിഴവിനെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സൂപ്രണ്ടിനു നല്‍കിയ പരാതിയില്‍ മീര ആവശ്യപ്പെട്ടു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.