കരിപ്പുഴത്തോട്ടിലേക്ക് മാലിന്യം തള്ളുന്നത് തടയണം: മനുഷ്യാവകാശ കമ്മിഷന്‍

Saturday 23 March 2019 1:41 pm IST

കായംകുളം: കരിപ്പുഴത്തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് തോട് കടന്നു പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്.

കായംകുളം നഗരസഭ, പത്തിയൂര്‍, ചെട്ടികുളങ്ങര, ചേപ്പാട്, പള്ളിപ്പാട് ഗ്രാമപഞ്ചായത്തുകളിലൂടെയാണ് തോട് ഒഴുകുന്നത്. സോഷ്യല്‍ഫോറം പ്രസിഡന്റ് ഒ.ഹാരിസ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഉത്തരവ്. നഗരസഭാ പ്രദേശത്ത് കൂടി കടന്നു പോകുന്ന തോടിന്റെ ആഴം കൂട്ടി ശുചീകരിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ സെക്രട്ടറിയോടും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തോട് കടന്നു പോകുന്ന പഞ്ചായത്ത് പരിധിയിലും നഗര പരിധിയിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. ഹരിത കേരള മിഷന്റെ ഭാഗമായി തോട് ശുചീകരണത്തിന് വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുക, പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതിന് ബോര്‍ഡുകള്‍ സ്ഥാപിക്കുക, തോടിന്റെ പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.

കേസിലെ എതിര്‍കക്ഷികളായ കായംകുളം നഗരസഭ, പത്തിയൂര്‍, ചെട്ടികുളങ്ങര, ചേപ്പാട്, പള്ളിപ്പാട്, ചെന്നിത്തല ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ഇറിഗേഷന്‍ വകുപ്പിനും ഉത്തരവിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.