റോഡ് ഇടിഞ്ഞുതാണു; പന്നിയാറുകുട്ടിയില്‍ വാഹന ഗതാഗതം നിലച്ചു

Saturday 23 March 2019 1:50 pm IST

 

രാജകുമാരി: പ്രളയത്തില്‍ തകര്‍ന്ന പന്നിയാറുകുട്ടിയില്‍ റോഡ് നിര്‍മിക്കുന്നതിനിടയില്‍ റോഡിന്റെ വശമിടിഞ്ഞ് താണു. ഇനിയും ഇടിയുവാന്‍ സാധ്യതയുള്ളതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിലച്ചു. ഇടിഞ്ഞു വീഴാറായി നില്‍ക്കുന്ന മണ്ണ് നീക്കം ചെയ്ത് റോഡുഗതാഗതം പുനസ്ഥാപിക്കുന്നതിന് ഒരാഴ്ചയെങ്കിലും വേണ്ടിവരും.

കഴിഞ്ഞ ഓഗസ്റ്റ് പതിനാറിനുണ്ടായ ശക്തമായ മലയിടിച്ചലിലാണ് ജില്ലയിലെ പ്രധാന പാതകളില്‍ ഒന്നായ അടിമാലി-പൂപ്പാറ സംസ്ഥാന പാതയില്‍ പന്നിയാര്‍കൂട്ടിയില്‍ റോഡ് ഒലിച്ചുപോയത്. ഇതിന് ശേഷം മണ്ണ് നീക്കം ചെയ്ത് ഗതാഗതം താല്‍ക്കാലികമായി പുനഃസ്ഥാപിച്ച് സംരക്ഷണ ഭിത്തിയടക്കം നിര്‍മിക്കുന്ന പ്രവര്‍ത്തനം നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി താഴ്വശത്തുനിന്നുള്ള മണ്ണ് നീക്കം ചെയ്യുന്നതിനിടയില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ച് വരുന്ന ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം നടന്നത്. തൊഴിലാളികള്‍ പണിനിര്‍ത്തിയതിന് ശേഷം മണ്ണിടിഞ്ഞതിനാല്‍ വന്‍ അപകടവുമാണ് ഒഴിവായത്.

എന്നാല്‍ റോഡിന്റെ മറുഭാഗത്തെ മണ്ണിടിച്ചിലുണ്ടായ വശത്തുനിന്നും വന്‍തോതില്‍ പാറ ഖനനം നടത്തുന്നുണ്ട്. തോട്ടാ ഉപയോഗിച്ചും ബ്രേക്കര്‍ ഉപയോഗിച്ചും പാറ പൊട്ടിക്കുന്നതിന്റെയും ഭാഗമായിട്ടാണ് റോഡ് ഇടിയുവാന്‍ കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നിലവില്‍ ഇടിഞ്ഞ ഭാഗത്തെ മണ്ണ് പൂര്‍ണമായി നീക്കം ചെയ്ത് സംരക്ഷണ ഭിത്തി നിര്‍മിച്ച് റോഡ് ഗതാഗതം പുനസ്ഥാപിക്കുന്നതിന് ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നതാണ് അധികൃതര്‍ നല്‍കുന്ന വിവരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.