ഇടുക്കിയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം രണ്ടായിരം കവിഞ്ഞു

Saturday 23 March 2019 2:05 pm IST

ചെറുതോണി: ജില്ലയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ചികിത്സാ സൗകര്യങ്ങളുടെ കുറവ് രോഗികളെ വലയ്ക്കുന്നു. ചികിത്സിക്കണമെങ്കില്‍ കോട്ടയത്തോ തിരുവനന്തപുരം ആര്‍സിസിയിലോ പോകണം.

ചികിത്സയ്ക്കായി ബുക്ക് ചെയ്ത് അനുമതി ലഭിക്കുമ്പോഴേക്കും രോഗിക്ക് ചിലപ്പോള്‍ മരണം വരെ സംഭവിക്കാറുണ്ട്. സ്വകാര്യ ആശുപത്രികളില്‍ വന്‍ തുകയാണ് ചികിത്സിക്കാന്‍ ഈടാക്കുന്നത്. റേഡിയേഷന്‍, കീമോതെറാപ്പി, സര്‍ജറി തുടങ്ങിയവയ്ക്കൊന്നും ജില്ലയില്‍ സൗകര്യങ്ങളില്ല.

ഹൈറേഞ്ചിലെ കാഞ്ചിയാറിലും, ബൈസണ്‍വാലിയിലുമാണ് കൂടുതല്‍ ക്യാന്‍സര്‍ രോഗികളെ കണ്ടുവരുന്നതെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. പാവല്‍ പോലുള്ള പച്ചക്കറികള്‍ക്കും ഏലത്തിനും വന്‍ തോതില്‍ വീര്യംകൂടിയ കീടനാശിനികള്‍ അടിക്കുന്നതാണ് ക്യാന്‍സര്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. നിലവിലെ കണക്കനുസരിച്ച് ജില്ലയില്‍ 2016 വരെ 1400 ക്യാന്‍സര്‍ ബാധിതരാണുണ്ടായിരുന്നത്. മൂന്നു വര്‍ഷം കൊണ്ട് 600 പേരുടെ വര്‍ധനയുണ്ടായി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണംകൂടി കണക്കാക്കിയാല്‍ ഇതിലും വര്‍ധിക്കും.

തോട്ടം മേഖലയിലാണ് ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ ബാധിതരെ കണ്ടുവരുന്നത്. നിരോധിക്കപ്പെട്ട കീടനാശിനികളുടെ ഉപയോഗവും അനിയന്ത്രിതമായ രാസവള പ്രയോഗവുമാണ് ക്യാന്‍സര്‍, വൃക്ക രോഗങ്ങള്‍ക്ക് കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് ക്യാന്‍സര്‍ രോഗ ബാധിതര്‍ കൂടുതലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നിരോധിച്ച കീടനാശിനിയായ എന്‍ഡോസള്‍ഫാന്റെ വര്‍ധിച്ച ഉപയോഗം ഇപ്പോഴും ജില്ലയിലുണ്ട്. തമിഴ്നാട്ടില്‍ നിന്ന് കമ്പംമേട്ട്, കുമളി, ബോഡിമെട്ട് ചെക്കുപോസ്റ്റുകള്‍ കടന്നാണ് നിരോധിത കീടനാശിനികള്‍ ജില്ലയിലെത്തിക്കുന്നത്.

ലക്ഷക്കണക്കിന് രൂപയുടെ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയാണ് ഏലത്തോട്ടങ്ങളില്‍ വിറ്റഴിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും അതിര്‍ത്തി കടന്ന് പച്ചക്കറി, പാല്‍ ഇറച്ചിക്കോഴി എന്നിവയും വന്‍തോതില്‍ എത്തിക്കുന്നുണ്ട്. ഇത് ഉപയോഗിക്കുന്നവരുടെ ഇടയിലും ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുതലാണ്. ഓരോ മാസത്തിലും കാന്‍സര്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി ജില്ലയില്‍ വര്‍ധിച്ചു വരികയാണ്. അതിനാല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ക്യാന്‍സര്‍ രോഗത്തെ സംബന്ധിച്ചും പ്രതിരോധ നടപടികളെ സംബന്ധിച്ചും ബോധവത്കരണം നടത്തണമെന്നും ഇടുക്കി മെഡിക്കല്‍ കോളജില്‍ ക്യാന്‍സര്‍ വാര്‍ഡ് ആരംഭിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.