ഇടുക്കി ചുട്ടുപൊള്ളുന്നു

Saturday 23 March 2019 2:16 pm IST

കട്ടപ്പന:കൊടിയ ഉഷ്ണത്തിത്തിന്റെ വറുതിയില്‍ മറ്റൊരു കാലാവസ്ഥാ ദിനം കൂടി. വേനലിന്റെ പാരമ്യത്തിലാണ് കാലാവസ്ഥാദിനം വരുന്നതെങ്കിലും വര്‍ഷംതോറും രൂക്ഷത ഏറിവരുന്ന ഉഷ്ണത്തിന്റെ കണക്കുകള്‍ക്ക് മുന്നില്‍ അത്തരം ആശ്വാസങ്ങള്‍ക്ക് ആയുസുണ്ടാകില്ലെന്ന് മാത്രം. കാലാവസ്ഥാ വ്യതിയാനം ലോകത്തിന്റെ പല ഭാഗങ്ങളില്‍ പലതരം കെടുതികളാണ് വിതയ്ക്കുക. 

കാട്ടുതീയായും പേമാരിയും ചുഴലിക്കൊടുങ്കാറ്റായും വരള്‍ച്ചയും വിളനാശവും ഒക്കെയായി അത് പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെ കണ്‍മുന്നില്‍ മുന്നറിയിപ്പുകള്‍ പ്രത്യക്ഷപ്പെടുമ്പോഴും മനോഭാവത്തില്‍ മാറ്റം വരുത്താന്‍ നമുക്കാവുന്നില്ല. വൈദ്യുതിയും വെള്ളവും ദുരുപയോഗം ചെയ്യുമ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുറസായ സ്ഥലങ്ങളില്‍ ഉപേക്ഷിക്കപ്പെടുമ്പോഴും വര്‍ധിക്കുന്ന ചൂടിനായി ശീതീകരണികളെ കൂടുതല്‍ ആശ്രയിക്കുമ്പോഴും നമ്മള്‍ ഭൂമിക്ക് ചൂടുകൂട്ടാന്‍ കൂട്ടുനില്‍ക്കുകയാണ്. ജില്ലയില്‍ ഇപ്പോള്‍ മുന്‍ വര്‍ഷങ്ങളിലൊന്നും അനുഭവപ്പെടാത്ത രീതിയിലുള്ള ചൂടാണ് അനുഭവപ്പെടുന്നത്.

പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് മലയോര ജനത. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇടുക്കിയില്‍ മൂന്ന് ഡിഗ്രിവരെയാണ് ചൂടു കൂടിയിരിക്കുന്നത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് തൊടുപുഴയിലാണ്. 38 ഡിഗ്രി. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് ചില സമയങ്ങളില്‍ 40 വരെ രേഖപ്പെടുത്തിയിരുന്നു. കട്ടപ്പന-32, അടിമാലി-34, കുമളി-32, ചെറുതോണി-32, മൂന്നാര്‍-28, കഞ്ഞിക്കുഴി-32, വാത്തിക്കുടി-33, ഉപ്പുതോട്-33, തങ്കമണി-31,അയ്യപ്പന്‍കോവില്‍-31, വാഗമണ്‍-31 എന്നിങ്ങനെയാണ് ചൂട്. <br />അസഹ്യമായ ചൂട് അനുഭവപ്പെടുന്ന തൊടുപുഴയില്‍ രാവിലെ 11 നും വൈകിട്ട് അഞ്ചിനും ഇടയില്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.

ചൂട് വര്‍ധിച്ചതിനാല്‍ വ്യാപാര മേഖലയും കനത്ത നഷ്ടത്തിലാണ്. ഇതുപോലൊരു ചൂട് ഇതിനു മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് പഴമക്കാര്‍ പറയുന്നു. ചൂട് വര്‍ധിക്കുന്നത് കര്‍ഷകരിലും ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രളയത്തില്‍ തകര്‍ന്ന കൃഷിയിടങ്ങളില്‍ പുതുതായി കൃഷി ആരംഭിച്ചു വരുന്നതിനിടയിലാണ് വേനല്‍ചൂട് വീണ്ടും കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ചൂട് കനത്തതോടെ ജില്ലയില്‍ കാട്ടുതീയും വ്യാപകമായിട്ടുണ്ട്. ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം തുടങ്ങിയ കുടിവെള്ള പദ്ധതികള്‍ പലതും പൂര്‍ത്തിയാകാത്തതും കുടിവെള്ളക്ഷാമത്തിന് കാരണമായി. 

നിരവധി പ്രദേശത്തെ കുളം, കിണര്‍ തുടങ്ങിയ ജലസ്രോതസുകള്‍ വറ്റിവരണ്ടു. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. പലരും തലച്ചുമടായാണ് വെള്ളം എത്തിക്കുന്നത്. പല കുടിവെള്ള പദ്ധതികളും നിലച്ചുകഴിഞ്ഞു. വിവിധയിടങ്ങളിലെ തോടുകളിലും ഒഴുക്കു നിലച്ചിരിക്കുകയാണ്. പകര്‍ച്ചവ്യാധി പിടിപെട്ട് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 

പകര്‍ച്ചപ്പനി, ന്യുമോണിയ തുടങ്ങിയ രോഗങ്ങളാണ് കൂടുതലായി പിടിപെടുന്നത്. എന്നാല്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും മതിയായ സൗകര്യമില്ലാത്തത് പലര്‍ക്കും തിരിച്ചടിയാകുന്നു. കൂടുതല്‍ പണം നല്‍കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. ജോലി ചെയ്യാന്‍ പോലും സാധിക്കാത്ത തരത്തില്‍ പകല്‍ച്ചൂട് വര്‍ധിച്ചിരിക്കുകയാണ്. <br />പകല്‍ച്ചൂട് ഉയര്‍ന്നത് വിവിധ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്. 

ചൂട് കാരണമുള്ള പലവിധ അസ്വസ്ഥതകള്‍ കൂടാതെ നിരവധി പേര്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവപ്പെടുന്നുണ്ട്. തേയിലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും ചൂട് കനത്ത ഭീഷണിയാണ്. സ്ത്രീ തൊഴിലാളികളാണ് ഇവിടെയുള്ളവരില്‍ ഏറെയും.

വിശ്രമിക്കുന്നതിന് അടക്കമുള്ള സൗകര്യങ്ങള്‍ ഇവര്‍ക്കില്ല. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സ തേടിയവരും നിരവധിയാണ്. കനത്ത വെയില്‍ പേടിച്ച് ജോലിക്കിറങ്ങാതെ വീട്ടില്‍ കഴിയുന്നവരുമുണ്ട്. ചൂട് കനത്തേതാടെ ജില്ലയില്‍ പലയിടത്തും സൂര്യതാപ ഭീഷണിയും നിലനില്‍ക്കുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.