നിയമ വിരുദ്ധമായി വെള്ളം കൊണ്ടുപോകുന്നു

Saturday 23 March 2019 2:20 pm IST

ചെറുതോണി: കെഎസ്ഇബി കോടികള്‍ മുടക്കി നിര്‍മിച്ച വടക്കേപ്പുഴ പദ്ധതിയില്‍ നിന്നു അനധികൃതമായി വ്യക്തികള്‍ വെള്ളം കൊണ്ടുപോകുന്നതായി പരാതി. കുളമാവ് അണക്കെട്ടിന് സമീപത്തെ വയലില്‍ ചെക്ക് ഡാം നിര്‍മിച്ചാണ് വെള്ളം സംഭരിച്ചിരിക്കുന്നത്. 

ഇവിടെ സംഭരിച്ചിരിക്കുന്ന വെള്ളം അണക്കെട്ടിലേയ്ക്ക് പമ്പു ചെയ്യുകയാണ് പതിവ്. വടക്കേപ്പുഴ പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുത്ത ശേഷമാണ് ചെക്ക് ഡാം നിര്‍മിച്ചത്. ചെക്ക് ഡാംനിര്‍മാണത്തിനും വെള്ളം പമ്പ് ചെയ്യുന്നതിനായി സ്ഥാപിച്ച പമ്പിനുമായി കെ.എസ്.ഇ.ബി കോടികളാണ് ചെലവഴിച്ചിട്ടുള്ളത്. 

എന്നാല്‍ ഇപ്പോള്‍ ചെക്ക് ഡാമിന് സമീപം സ്വകാര്യ വ്യക്തികള്‍ മോട്ടോര്‍ സ്ഥാപിച്ച് ടാങ്കറുകളില്‍ വെള്ളം നിറച്ചു കൊണ്ടുപോകുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു കൊണ്ടിരിക്കുമ്പോഴാണ് അനധികൃതമായി വെള്ളം കൊണ്ടുപോകുന്നത്. റോഡുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണത്തിനാണ് വെള്ളം കൊണ്ടുപോകുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കുടിവെള്ളത്തിനായും ഇവിടെ നിന്ന് ശേഖരിക്കുന്ന വെള്ള മുപയോഗിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. 

ഇവിടെനിന്നുകൊണ്ടുപോകുന്ന വെള്ളം ഹോട്ടലുകളില്‍ നല്‍കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഈ വെള്ളം ഉപയോഗിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസഥര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ അറിവോടെയാണ് വെള്ളം ഇവിടെ നിന്നു കൊണ്ടു പോകുന്നതെന്നും പറയപ്പെടുന്നു. 

അതിനാല്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചു സംരക്ഷിക്കുന്ന വെള്ളം അനധികൃതമായി കടത്തിക്കൊണ്ടു പോകുന്നവര്‍ക്കെതിരെയും ഇതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് സമീപവാസികള്‍ ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.