അമ്പലപ്പുഴ: പതിവു തെറ്റിക്കാതെ പരമ്പരാഗത രീതിയില്‍ ആഞ്ഞിലിക്കാവ് കുടുംബത്തില്‍ നാടക ശാല സദ്യക്കുള്ള കുട്ട നിര്‍മാണം ആരംഭിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഒമ്പതാം ഉത്സവത്തിനു നടക്കുന്ന ചരിത്രപ്രസിദ്ധമായ നാടകശാല സദ്യക്കുള്ള കുട്ടകള്‍ നിര്‍മിക്കുന്നത് കരുമാടിയിലെ ആഞ്ഞിലിക്കാവ് കുടുംബത്തിലെ അംഗങ്ങളാണ്.
രാജഭരണ കാലം മുതല്‍ ഇതിനുള്ള അവകാശം നല്‍കിയിരിക്കുന്നത് ഈ കുടുംബത്തിനാണ്. പതിറ്റാണ്ടുകളായി നാടക ശാല സദ്യക്കുളള കുട്ടകള്‍ നിര്‍മിക്കുന്നത് തങ്കമ്മ (89) യും സഹോദരന് വേലായുധ (85) നുമാണ്. കുന്നുമ്മയില്‍ നിന്നാണ് ഇതിനാവശ്യമായ ഈറല് എത്തിക്കുന്നത്.
പ്രായത്തിന്റെ അവശത മറന്നും ഇരുവരും ചേര്‍ന്ന് നിര്‍മിക്കുന്ന ചെറുതും വലുതുമായ 15 കുട്ടകളാണ് നാടകശാല സദ്യക്കായി ഉപയോഗിക്കുന്നത്. എട്ടാം ഉത്സവദിവസം വൈകിട്ടാണ് ഈ കുട്ടകള്‍ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: