കുട്ടി വായനക്കാര്‍ക്കായി ലൈബ്രറികള്‍ വരുന്നു

Saturday 23 March 2019 3:26 pm IST

ആലപ്പുഴ : കുഞ്ഞുങ്ങളുടെ വായനശീലം പ്രോത്സാഹിപ്പിക്കാന്‍ ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ലൈബ്രറികള്‍ ഒരുങ്ങുന്നു. അവധിക്കാലത്ത് നിലവാരമുള്ള ശാസ്ത്രവും വിജ്ഞാനവും കുസൃതിയും നിറയുന്ന പുസ്തകങ്ങളുടെ ശേഖരമാണ് കുട്ടികളുടെ ലൈബ്രറികള്‍ ഒരുക്കുന്നത്. ജില്ലയിലെ 10 സിഡിഎസുകള്‍ കേന്ദ്രീകരിച്ചാണ് വായനശാലകള്‍. കുട്ടികള്‍ ഇഷ്ടപ്പെടുന്ന ബാലസാഹിത്യ കൃതികളാകും വായനയ്ക്കായി പ്രധാനമായി നല്‍കുക. 

വായന പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാഹിത്യ- സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടെ പോഷണവും വായനശാലയുടെ ലക്ഷ്യമാണ്. കുടുംബശ്രീയുടെ ഫണ്ട് ഉപയോഗിച്ച് സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തില്‍നിന്നാണ് ബാലസാഹിത്യങ്ങള്‍ വാങ്ങിയത്. ശാസ്ത്രപുസ്തകങ്ങള്‍ ശാസ്ത്ര സാഹിത്യ പരിഷത്തില്‍നിന്നും വാങ്ങി. 

പുസ്തക അലമാരകളും സജ്ജമായിക്കഴിഞ്ഞു. ഇനി പുസ്തകങ്ങള്‍ അതത് പഞ്ചായത്തുകള്‍ക്ക് കൈമാറിയാല്‍ മാത്രം മതി. 5000 രൂപയുടെ പുസ്തകങ്ങളാണ് ഓരോ ലൈബ്രറികള്‍കക്കും നല്‍കിയിരിക്കുന്നത്. സിഡിഎസുകള്‍ക്കാണ് നേതൃത്വമെങ്കിലും ലൈബ്രറികളുടെ ദൈനംദിന നടത്തിപ്പ് ബാലസഭ റിസോഴ്സ് പേഴ്സണ്‍മാരായിരിക്കും. 

കുട്ടികളെ എത്തിക്കേണ്ടതും പുസ്തകങ്ങള്‍ കൊടുക്കേണ്ടതും ഇവരുടെ ചുമതലയാണ്. നിലവില്‍ കുട്ടികള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് ഇല്ല. ബാലസഭാംഗമായ എല്ലാ കുട്ടികള്‍ക്കും ലൈബ്രറികളില്‍നിന്ന് പുസ്തകങ്ങളെടുക്കാം. 10 സിഡിഎസുകള്‍ എന്നത് അധികം വൈകാതെ 20 ആക്കി ഉയര്‍ത്തും. 

ഒന്നാംഘട്ടമാണിത്, രണ്ടാംഘട്ടത്തില്‍ പഞ്ചായത്തിന്റെയും പൊതജനങ്ങളുടെയും സഹായത്തോടെ പുസ്തകശേഖരണം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും കുടുംബശ്രീ എഡിഎംസി കെ ബി അജയകുമാര്‍ പറഞ്ഞു. മെയിലാണ് ഔദ്യോഗിക ഉദ്ഘാടനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.