ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ്: കൊല്ലം തുളസിക്ക് സമഗ്ര സംഭാവന പുരസ്‌കാരം

Sunday 24 March 2019 11:19 am IST
എം ആര്‍ ഗോപകുമാറിനും ശ്രീലതാ നമ്പൂതിരിക്കും ആദരം

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടായി അഭിനയരംഗത്ത് സജീവമായി നില്‍ക്കുന്ന കൊല്ലം തുളസിയെ ജന്മഭൂമി ആദരിക്കും. ജന്മഭൂമിയുടെ രണ്ടാമത് ടെലിവിഷന്‍ അവാര്‍ഡ് വിതരണത്തോടനുബന്ധിച്ച് മാര്‍ച്ച് 31 ന് കോട്ടയത്ത് നടക്കുന്ന താരനിശയില്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കും. 

1986 ല്‍ നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയിലൂടെ അഭിനയരംഗത്തു വന്ന കൊല്ലം തുളസി മലയാളം, തെലുങ്ക്, തമിഴ് ഉള്‍പ്പെടെ 125 ലേറെ സിനിമകളില്‍ അഭിനയിച്ചു 12 ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ടു. കെ.കെ. തുളസീധരന്‍ നായര്‍ എന്ന കൊല്ലം തുളസിയുടെ വില്ലന്‍ കഥാപാത്രങ്ങള്‍ ശ്രദ്ധേയങ്ങളായിരുന്നു. അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തല്‍പരനായ ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്‌കാരം ഒരു പരാജിതന്റെ മോഹങ്ങള്‍ എന്ന പേരില്‍  പുറത്തിറക്കിയിട്ടുണ്ട്.

പ്രശസ്ത നടന്‍ എം. ആര്‍. ഗോപകുമാര്‍, നടി ശ്രീലത നമ്പൂതിരി എന്നിവരെ പ്രത്യേക പുരസ്‌കാരം നല്‍കി ചടങ്ങില്‍ ആദരിക്കും. മൂന്നു പതിറ്റാണ്ട് മുമ്പ് ദൂരദര്‍ശന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തേക്കു വന്ന എം.ആര്‍. ഗോപകുമാര്‍ അമ്പതോളം സീരിയലുകളിലും നൂറോളം സിനിമകളിലും വേഷമിട്ടു. വിധേയന്‍, പുലിമുരുകന്‍ തുടങ്ങിയ പല ചിത്രങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോപകുമാറിന് സംസ്്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസകാരങ്ങളും ലഭിച്ചിട്ടുണ്ട്.

അര നൂറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ശ്രീലത നമ്പൂതിരി പിന്നണി ഗായികയുമാണ്. 200 ലേറെ സിനിമകളില്‍ വേഷമിട്ടിട്ടുള്ള ശ്രീലത ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്. നിരവധി സിനിമ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.