സംസ്‌കൃത ഭാഷയുടെ പ്രചാരണത്തിന് സംസ്‌കൃത സര്‍വകലാശാല മുഖ്യ പങ്ക് വഹിക്കുന്നു: ഗവര്‍ണര്‍

Sunday 24 March 2019 1:24 pm IST

കാലടി: അനവധി ഭാഷകളുടെ ഉത്ഭവ സ്ഥാനമായ സംസ്‌കൃത ഭാഷക്ക് പ്രചാരം നല്‍കുന്നതില്‍ സംസ്‌കൃത സര്‍വകലാശാല മുഖ്യമായ പങ്ക് വഹിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ റിട്ട.ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   

സര്‍വകലാശാല സൗന്ദര്യാത്മകമായ പ്രൗഢി നിലനിര്‍ത്തുന്നത് കെട്ടിടങ്ങളുടേയോ ഭൗതികസൗന്ദര്യത്തിന്റെയോ മികവില്‍ മാത്രമല്ല, അജ്ഞതയെ ദുരീകരിക്കാനുള്ള അദമ്യമായ തീവ്രാഭിലാഷം കൊണ്ട്കൂടിയാണ്. സത്യത്തെ സ്വീകരിക്കുവാനും നിലനിര്‍ത്തുവാനും പകര്‍ന്നു കൊടുക്കുവാനുമുള്ള ആര്‍ജവത്തിലാണ് കാമ്പസിന്റെ മനോഹാരിത പ്രത്യക്ഷമാകുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് അധ്യക്ഷത വഹിച്ചു.

പദ്മവിഭൂഷണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. രജത ജൂബിലി സുവനീര്‍ ഗവര്‍ണര്‍, സിന്‍ഡിക്കേറ്റ് അംഗമായ കെ.കെ. വിശ്വനാഥന് നല്‍കി പ്രകാശനം ചെയ്തു. സര്‍വകലാശാല പ്രോ.വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.എസ്. രവികുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ.എസ്. മോഹന്‍ദാസ്, പ്രൊഫ.കെ.കെ. വിശ്വനാഥന്‍, രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന  പ്രൊഫ.എം. മണിമോഹനനന്‍ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനം സാഹിത്യകാരന്‍ സേതു ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ.ധര്‍മ്മരാജ് അടാട്ട് അധ്യക്ഷനായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.