മുനമ്പം മനുഷ്യക്കടത്ത്: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Sunday 24 March 2019 1:34 pm IST

പറവൂര്‍: മുനമ്പം മനുഷ്യക്കടത്തു കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ ശെല്‍വന്‍ (49), അറുമുഖന്‍ (43), ഇളയരാജ (39) ദീപന്‍രാജ് (49), അജിത്ത് (24), വിജയ് (22), രതി (34) എന്നിവരാണ് അറസ്റ്റിലായത്. രതിയെ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. 

മറ്റ് ആറു പേരെ ഏഴ് ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. രഹസ്യവിവരത്തെത്തുടര്‍ന്നു തമിഴ്‌നാട്ടിലെ തിരുവള്ളൂരിലുള്ള ഒളിത്താവളത്തില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മുനമ്പം മനുഷ്യക്കടത്തില്‍ ഇവര്‍ ഗൂഢാലോചന നടത്തിയതായും ലാഭവിഹിതം കൈപ്പറ്റിയതായും പോലീസ് പറഞ്ഞു. ഗൂഡാലോചനയുടെ ഭാഗമായി ഇവര്‍ പലതവണ ഫോണില്‍ ബന്ധപ്പെടുകയും നേരില്‍ കാണുകയും ചെയ്തിട്ടുണ്ട്.

അംഗീകൃത നിരക്കിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ബോട്ട് മാര്‍ഗം ന്യൂസിലന്റില്‍ എത്തിക്കാമെന്നു പറഞ്ഞു ഡല്‍ഹി മാതംഗിര്‍ അംബേദ്കര്‍ കോളനി നിവാസികള്‍, തമിഴ് വംശജര്‍, ശ്രീലങ്കന്‍ പൗരന്മാര്‍, മറ്റ് ഇതരസംസ്ഥാനക്കാര്‍ അടക്കം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എഴുപതിലേറെപ്പേരെ രാജ്യത്തുനിന്നു കടത്തിയെന്നും ഓരോരുത്തരില്‍ നിന്നും മൂന്ന് ലക്ഷം രൂപ ഈടാക്കിയെന്നു റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

കേസിലെ പ്രതികളായ ശ്രീകണ്ഠന്‍, ശെല്‍വന്‍, അനില്‍കുമാര്‍, മണിവണ്ണന്‍ എന്നിവര്‍ ചേര്‍ന്നു മുനമ്പം ഹാര്‍ബര്‍ കേന്ദ്രീകരിച്ചു മല്‍സ്യബന്ധനം നടത്തിയിരുന്ന 'ദയമാത 2' എന്ന ബോട്ട് ഒരു കോടി രൂപയ്ക്കു വാങ്ങി ആളുകള്‍ കയറുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തി. യാത്രക്കാരെ മാല്യങ്കരയിലെ സ്വകാര്യ ജെട്ടിയില്‍ നിന്നു ബോട്ടില്‍ കയറ്റി. കൂടുതലുണ്ടായിരുന്ന ബാഗുകള്‍ ജെട്ടിക്കു സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചാണു കടന്നതെന്നു പോലീസ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.