പൊതു- സ്വകാര്യ പങ്കാളിത്തത്തെ എതിര്‍ക്കുന്നത് കാപട്യം: കുമ്മനം

Sunday 24 March 2019 3:24 pm IST

തിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം ആകണമെന്ന് പ്രസംഗിച്ച് നടക്കുന്നവര്‍ തന്നെ സംസ്ഥാനത്തെ സ്വകാര്യ നിക്ഷേപത്തെ എതിര്‍ക്കുന്നത് കാപട്യമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. പൊതു സ്വകാര്യ പങ്കാളിത്തം എന്നത് ലോകം അംഗീകരിച്ച മാതൃകയാണ്. ഇതേ മാതൃകയില്‍ കേരളത്തില്‍ പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. 

നിക്ഷേപം തേടി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നുമുണ്ട്. എന്നിട്ടും സംസ്ഥാനം സ്വകാര്യ നിക്ഷേപത്തെ എതിര്‍ക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിസ് സംഘടിപ്പിച്ച മീറ്റ് ദ കാന്‍ഡിഡേറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വികസനം നടപ്പാകാന്‍ ഇച്ഛാശക്തി മാത്രമാണ് ആവശ്യം. തലസ്ഥാനത്ത് ഹൈക്കോടതി ബെഞ്ച് പുനഃസ്ഥാപിക്കാന്‍ കഴിയാത്തതിന് കാരണം അതിനായി പരിശ്രമിച്ചവര്‍ക്ക് ഇച്ഛാശക്തി ഇല്ലാത്തതാണ്. എംപിയായാല്‍ ബഞ്ച് പുനഃസ്ഥാപിക്കാന്‍ ശ്രമിക്കും. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വ്യക്തിക്ക് വിറ്റു എന്ന പ്രചരണം കളവാണ്. 

യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കാന്‍ നിക്ഷേപം നടത്തുന്നതിനാണ് ടെന്‍ഡര്‍ വിളിച്ചത്. ഇതില്‍ സംസ്ഥാന സര്‍ക്കാരും പങ്കെടുത്തിരുന്നു. ടെന്‍ഡര്‍ കിട്ടാത്തപ്പോള്‍ നടപടിയെ എതിര്‍ക്കുന്നത് ബാലിശമാണ്. കേരളത്തിന് എയിംസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നു എങ്കിലും സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്തത് കൊണ്ടാണ് അത് നടക്കാതെ പോയത്.

മെട്രോ റെയില്‍ തിരുവനന്തപുരത്ത് സാധ്യമാകുമെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കിയതാണ്. അതും നടക്കാതെ പോയത് സംസ്ഥാന സര്‍ക്കാരിന് താത്പര്യമില്ലാത്തതിനാലാണ്. തിരുവനന്തപുരത്തെ നദികള്‍ എല്ലാം ശുദ്ധീകരിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായും കുമ്മനം കൂട്ടിച്ചേര്‍ത്തു. 

ഇതൊന്നും തെരെഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായി കാണേണ്ടതില്ല. ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രമേ പറയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിസ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, സെക്രട്ടറി ആര്‍ ശ്രീധര്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി എന്നിവരും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.